റഷ്യൻ എണ്ണ ഇറക്കുമതിയിൽ യു.എസ് തീരുവ ഭീഷണി: വഴങ്ങില്ലെന്ന് ഇന്ത്യ, കൈകോർത്ത് ചൈനയും
രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ മുൻനിർത്തി റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ശതമാനം വരെ ഉപരോധ തീരുവ ഏർപ്പെടുത്താൻ ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന യു.എസ് കോൺഗ്രസിന്റെ പുതിയ ബില്ലിനെതിരെ കടുത്ത അമർഷവുമായി ഇന്ത്യയും ചൈനയും. ദേശീയ താല്പര്യങ്ങൾക്കും ജനങ്ങളുടെ ഊർജ്ജ സുരക്ഷയ്ക്കും മുൻഗണന നൽകിയാണ് റഷ്യൻ എണ്ണ വാങ്ങുന്നതെന്നും, എവിടെ നിന്ന് ഊർജ്ജം സംഭരിക്കണമെന്ന് മറ്റ് രാജ്യങ്ങൾ തീരുമാനിക്കേണ്ടതില്ലെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കി.
അടുത്ത ആഴ്ച യു.എസിൽ നടക്കുന്ന ചർച്ചകളിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ത്യയുടെ ശക്തമായ വിയോജിപ്പ് അമേരിക്കയെ നേരിട്ട് അറിയിക്കും. യു.എസ് നീക്കത്തിനെതിരെ ഇന്ത്യയിൽ നിന്ന് സാധാരണ കാണാറുള്ളതിനേക്കാൾ വേഗത്തിലും കടുത്ത ഭാഷയിലുമാണ് പ്രതികരണമുണ്ടായിരിക്കുന്നത്. ഈ നീക്കത്തിൽ നിന്ന് അമേരിക്ക പിന്മാറണമെന്ന് വിദേശകാര്യ മന്ത്രാലയവും യു.എസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്രയും പരസ്യമായി ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ആളോഹരി ഊർജ്ജ ഉപഭോഗം നിലവിൽ അമേരിക്കയിലുള്ളതിന്റെ പത്തിലൊന്ന് മാത്രമാണെന്നും, വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയെന്ന നിലയിൽ ജനങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ ഏത് സ്രോതസ്സിൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്ക് അവകാശമുണ്ടെന്നും ക്വാത്ര വ്യക്തമാക്കി. സമീപകാല ബ്രിക്സ് ഉച്ചകോടിക്ക് ശേഷമുള്ള ആഗോള സാഹചര്യങ്ങൾ നയതന്ത്രതലത്തിൽ ഇന്ത്യക്ക് തങ്ങളുടെ നിലപാട് കൂടുതൽ ഉറക്കെ പറയാനുള്ള കരുത്ത് നൽകുന്നുണ്ട്.
Comments ()