അഡിഡാസ് ടെക് ഹബ്ബിൽ കൂട്ടപ്പിരിച്ചുവിടൽ; 50 ശതമാനം ജീവനക്കാരെ ഒഴിവാക്കും
ഗുരുഗ്രാം ടെക് ഹബ്ബിൽ ഏകദേശം 700 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ ഉൾപ്പെടെയുള്ള വിഭാഗങ്ങളെയാണ് പുനഃസംഘടന ബാധിക്കുക
ന്യൂഡൽഹി: ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള നടപടിയുമായി പ്രമുഖ സ്പോർട്സ് ബ്രാൻഡായ അഡിഡാസ്. ഗുരുഗ്രാമിലുള്ള അഡിഡാസ് ഇന്ത്യയുടെ ടെക് ഹബ്ബിലാണ് പ്രധാനമായും പിരിച്ചുവിടൽ ബാധിക്കുക. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരിൽ ഏകദേശം പകുതിയോളം പേരെ ഒഴിവാക്കാനുള്ള തീരുമാനമാണ് കമ്പനി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
ഗുരുഗ്രാം ടെക് ഹബ്ബിൽ ഏകദേശം 700 ജീവനക്കാരാണ് ജോലി ചെയ്യുന്നത്. സോഫ്റ്റ്‌വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ ഉൾപ്പെടെയുള്ള വിഭാഗങ്ങളെയാണ് പുനഃസംഘടന ബാധിക്കുക. ഇതനുസരിച്ച് ഏകദേശം 350 ജീവനക്കാർക്ക് ജോലി നഷ്ടപ്പെടാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ ചില തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം എടുത്തതായി അഡിഡാസ് സ്ഥിരീകരിച്ചെങ്കിലും കൃത്യമായി എത്ര ജീവനക്കാരെ ഇത് ബാധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
സെപ്റ്റംബർ 15ന് നടന്ന ടൗൺഹാൾ യോഗത്തിലാണ് ജീവനക്കാരെ തീരുമാനം അറിയിച്ചത്. ചിലർക്ക് അന്നുതന്നെ പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചു. മറ്റുചില ജീവനക്കാരോട് ഡിസംബർ വരെ തുടരാൻ നിർദേശിച്ചിട്ടുണ്ട്. സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറുന്നതിനും അഡിഡാസിലെ മറ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിനുമാണ് ഇവർക്ക് ഈ കാലയളവ് അനുവദിച്ചിരിക്കുന്നത്. ഡിസംബർ 15നകം മറ്റൊരു തസ്തികയിൽ നിയമനം ലഭിക്കാത്തവരുടെ അവസാന പ്രവൃത്തിദിനം അന്നായിരിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ബിസിനസ് മേഖലയിലും സാങ്കേതികവിദ്യയിലും ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങൾ കൂടുതൽ ലളിതമാക്കുന്നതിനും കമ്പനിയുടെ ദീർഘകാല വളർച്ചയ്ക്ക് ആവശ്യമായ രീതിയിൽ സംഘടനയെ സജ്ജമാക്കുന്നതിനുമാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ് അഡിഡാസിന്റെ വിശദീകരണം. നടപടിയുടെ ഭാഗമായി ജോലി നഷ്ടപ്പെടുന്ന ജീവനക്കാർക്ക് ആവശ്യമായ പിന്തുണ നൽകുമെന്നും കമ്പനി അറിയിച്ചു. എന്നാൽ പിരിച്ചുവിടലുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.
അഡിഡാസിന്റെ പ്രാദേശിക മാർക്കറ്റിങ് വിഭാഗത്തിനൊപ്പം ആഗോള ടെക് ഹബ്ബും ഗുരുഗ്രാമിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2024ൽ ചെന്നൈയിൽ ഗ്ലോബൽ ബിസിനസ് സർവീസ് സെന്ററും കമ്പനി ആരംഭിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇന്ത്യയിലെ ചില തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള പുതിയ തീരുമാനം.
Comments ()