‘രാജ്യത്തിന്റെ ഊർജസുരക്ഷയ്ക്ക് മുൻഗണന’; യുഎസ് ഉപരോധ നീക്കത്തിൽ ഇന്ത്യ
റഷ്യയുമായുള്ള എണ്ണ വ്യാപാരം സംബന്ധിച്ച് കഴിഞ്ഞ മാസങ്ങളിൽ യുഎസ് ഉദ്യോഗസ്ഥരുമായി ഉയർന്നതല ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജ വിപണിയെയും പുതിയ നീക്കം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇന്ത്യ നേരത്തെ തന്നെ അമേരിക്കയെ അറിയിച്ചിട്ടുണ്ട്
ദില്ലി: റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് അമേരിക്ക കടുത്ത ഉപരോധ നടപടികളിലേക്ക് നീങ്ങുന്നതിനിടെ, രാജ്യത്തിന്റെ ഊർജസുരക്ഷയ്ക്കാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന ഉപരോധ ബിൽ കോൺഗ്രസ് പാസാക്കിയതിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. നിയമം പ്രാബല്യത്തിൽ വന്നാൽ രാജ്യത്തിന്റെ വ്യാപാര, സാമ്പത്തിക താൽപര്യങ്ങൾക്കുണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ സർക്കാർ വിലയിരുത്തിവരികയാണ്.
റഷ്യയുമായുള്ള എണ്ണ വ്യാപാരം സംബന്ധിച്ച് കഴിഞ്ഞ മാസങ്ങളിൽ യുഎസ് ഉദ്യോഗസ്ഥരുമായി ഉയർന്നതല ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉഭയകക്ഷി ബന്ധത്തെയും ആഗോള ഊർജ വിപണിയെയും പുതിയ നീക്കം എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഇന്ത്യ നേരത്തെ തന്നെ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.
140 കോടി ജനങ്ങളുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വ്യാപാര-സാമ്പത്തിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി. എണ്ണ ഇറക്കുമതി സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിന്റെ ഭാഗമായി യുഎസ്, ബ്രസീൽ, കാനഡ, വെനസ്വേല, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിലും ഇന്ത്യൻ റിഫൈനറികൾ ഉപയോഗിക്കുന്നുണ്ട്.
റഷ്യൻ നേതൃത്വത്തെയും എണ്ണ കയറ്റുമതിക്കുള്ള ഉപരോധങ്ങൾ മറികടക്കാൻ സഹായിക്കുന്ന കപ്പലുകളെയും സ്ഥാപനങ്ങളെയും ലക്ഷ്യമിടുന്നതാണ് പുതിയ യുഎസ് നിയമനിർമാണം. റഷ്യൻ ഉദ്യോഗസ്ഥർ, ബാങ്കുകൾ, ഊർജമേഖലയിലെ താൽപര്യങ്ങൾ, മോസ്കോയുടെ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങൾ എന്നിവയ്ക്കെതിരെയും നടപടികൾക്ക് ബിൽ വ്യവസ്ഥ ചെയ്യുന്നു.
കഴിഞ്ഞ മാസം സെനറ്റ് അംഗീകരിച്ച ബിൽ ബുധനാഴ്ച ജനപ്രതിനിധി സഭയും പാസാക്കിയതോടെ ഇനി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒപ്പിനായി അയക്കും. നിയമത്തിന്റെ തുടർനടപടികളും ഇന്ത്യയ്ക്കുണ്ടാകാവുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Comments ()