2027 ഹജ്ജ്: വിദേശ തീർഥാടകർക്കായി പുതിയ ഡിജിറ്റൽ സേവന പാക്കേജ് പ്രഖ്യാപിച്ച് സൗദി

‘ഇലക്ട്രോണിക് പാത്ത്’ പ്ലാറ്റ്‌ഫോം വഴിയാണ് പാക്കേജ് ലഭ്യമാക്കുന്നത്.

2027 ഹജ്ജ്: വിദേശ തീർഥാടകർക്കായി പുതിയ ഡിജിറ്റൽ സേവന പാക്കേജ് പ്രഖ്യാപിച്ച് സൗദി

2027 (1448 ഹിജ്‌റ) ഹജ്ജ് സീസണിൽ വിദേശ തീർഥാടകർക്കായി സമഗ്ര സേവന പാക്കേജ് പ്രഖ്യാപിച്ച് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. തീർഥാടകർ രാജ്യത്തെത്തുന്നത് മുതൽ മടങ്ങുന്നത് വരെയുള്ള എല്ലാ പ്രധാന സേവനങ്ങളും 'ഇലക്ട്രോണിക് പാത്ത്' (e-Path) പ്ലാറ്റ്‌ഫോം വഴി ഒരൊറ്റ ഇലക്ട്രോണിക് കരാറിലൂടെ ലഭ്യമാക്കുന്നതാണ് ഈ പുതിയ സംവിധാനം.

വിശുദ്ധ സ്ഥലങ്ങളിലെ സേവനങ്ങൾ, മക്കയിലും മദീനയിലുമുള്ള താമസസൗകര്യം, ഗതാഗതം, ഭക്ഷണ വിതരണം എന്നിവയാണ് പാക്കേജിലെ നാല് പ്രധാന ഘടകങ്ങൾ. കൂടാതെ, തീർഥാടകരുടെ ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന അധിക സേവനങ്ങളും ഇതിൽ ലഭ്യമാക്കും.

സുതാര്യവും സൗകര്യപ്രദവുമായ കരാർ സംവിധാനത്തിലൂടെ കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. സൗദി വിഷൻ 2030, 'പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാം' എന്നിവയുടെ ലക്ഷ്യങ്ങൾക്ക് അനുസൃതമായും, 1448 ഹിജ്‌റ ഹജ്ജ് സീസണിലേക്കുള്ള മുൻകൂട്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായുമാണ് ഈ പുതിയ നടപടി.