കാനഡയിൽ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ഇന്ത്യൻ യുവതി മരിച്ചു; കൊലപാതക കേസിൽ പങ്കാളി അറസ്റ്റിൽ
ജൂലൈ 9ന് വൈകുന്നേരം അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എഡ്മണ്ടണിലെ സിൽവർബെറി മേഖലയിലെ താമസസ്ഥലത്ത് എത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ദമൻപ്രീതിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ജൂലൈ 12ന് മരണം സംഭവിക്കുകയായിരുന്നു
എഡ്മണ്ടൺ: കാനഡയിലെ എഡ്മണ്ടണിൽ 23-കാരിയായ ഇന്ത്യൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പങ്കാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ ലുധിയാന സ്വദേശിനിയായ ദമൻപ്രീത് കൗറാണ് മരിച്ചത്. സംഭവത്തിൽ യുവതിയുടെ പങ്കാളിയായ റിതീഷ് കുമാർ (22)നെതിരെ രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി എഡ്മണ്ടൺ പൊലീസ് അറിയിച്ചു.
ജൂലൈ 9ന് വൈകുന്നേരം അടിയന്തര സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് എഡ്മണ്ടണിലെ സിൽവർബെറി മേഖലയിലെ താമസസ്ഥലത്ത് എത്തിയത്. ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ദമൻപ്രീതിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ജൂലൈ 12ന് മരണം സംഭവിക്കുകയായിരുന്നു.
പിന്നീട് നടത്തിയ പോസ്റ്റ്‌മോർട്ടം പരിശോധനയിൽ യുവതിയുടെ മരണം കൊലപാതകമാണെന്ന് എഡ്മണ്ടൺ മെഡിക്കൽ എക്സാമിനർ ഓഫീസ് സ്ഥിരീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങൾ പുറത്തുവിടുന്നത് പൊലീസ് വൈകിപ്പിച്ചിരുന്നെങ്കിലും, ശ്വാസംമുട്ടിച്ചതാണ് മരണകാരണമെന്നാണ് പിന്നീട് വ്യക്തമാക്കിയത്.
സംഭവത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ റിതീഷ് കുമാറാണ് പ്രതിയെന്ന് കണ്ടെത്തുകയും ജൂലൈ 22ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കേസിൽ മറ്റാർക്കും പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, ദമൻപ്രീത് കൗറിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾക്കായി ഓൺലൈൻ ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തെ സഹായിക്കാനായി ഗോഫണ്ട്‌മീ വഴി സഹായം ശേഖരിക്കുകയാണ്.
Comments ()