യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

ആക്രമണത്തില്‍ കിരണ്‍ദീപിന്റെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

യുകെയിൽ ഇന്ത്യൻ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു, ഭർത്താവിനും പരിക്ക്; വംശീയ ആക്രമണമെന്ന് കുടുംബം

ലണ്ടന്‍: ലണ്ടനില്‍ ഇന്ത്യന്‍ യുവതി വീട്ടിനുള്ളില്‍ കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിനിയായ കിരണ്‍ദീപ് കൗര്‍ (24) ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ കിരണ്‍ദീപിന്റെ ഭര്‍ത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വീടിന് പുറത്ത് കുത്തേറ്റ നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് 44-കാരനായ ഡാനിയേല്‍ സീന്‍ ജെയിംസ് എന്നയാളെ യുകെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിന് ശേഷം വീടിന്റെ ജനലിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിക്കും പരിക്കേറ്റിട്ടുണ്ട്.

വെസ്റ്റ് ലണ്ടനിലെ ഹയേസിലാണ് കിരണ്‍ദീപും കുടുംബവും താമസിച്ചിരുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പ്രസവിച്ച കിരണ്‍ദീപ്, വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് കിടപ്പുമുറിയില്‍ വെച്ച് അക്രമിക്കപ്പെട്ടതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവരുടെ ആഴ്ചകള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവം വംശീയ ആക്രമണമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നുണ്ടെങ്കിലും, പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. വംശീയ അധിക്ഷേപത്തിന് തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കിയ പൊലീസ്, പ്രതിയെ കോടതിയില്‍ ഹാജരാക്കി.

രണ്ടു വര്‍ഷം മുന്‍പ് സ്റ്റുഡന്റ് വിസയിലാണ് കിരണ്‍ദീപ് യുകെയിലെത്തിയത്. പിന്നീട് വര്‍ക്ക് പെര്‍മിറ്റ് നേടി അവിടെത്തന്നെ ജോലി ചെയ്തുവരികയായിരുന്നു. കിരണ്‍ദീപിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും മാതാപിതാക്കള്‍ അഭ്യര്‍ത്ഥിച്ചു.