സൽമാൻ രാജാവിന്റെ പുതിയ ഉത്തരവ്; മക്ക, റിയാദ് ഗവർണർമാർക്ക് നാല് വർഷം കൂടി
മന്ത്രിപദവിക്ക് തുല്യമായ പദവിയോടെയാണ് ഇരുവർക്കും കാലാവധി ദീർഘിപ്പിച്ചിരിക്കുന്നത്. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ സെപ്റ്റംബർ 16നും ഔദ്യോഗിക പരിപാടികളിൽ ഗവർണറായി തുടരുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്
റിയാദ്: മക്ക, റിയാദ് പ്രവിശ്യകളുടെ ഭരണത്തുടർച്ചയ്ക്ക് രാജകീയ തീരുമാനം. ഇരു പ്രവിശ്യകളുടെയും ഗവർണർമാരായ അമീർ ഖാലിദ് അൽ ഫൈസലിന്റെയും അമീർ ഫൈസൽ ബിൻ ബന്ദറിന്റെയും സേവനകാലാവധി നാല് വർഷത്തേക്ക് കൂടി നീട്ടാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ് ഉത്തരവിട്ടു. മന്ത്രിപദവിക്ക് തുല്യമായ പദവിയോടെയാണ് ഇരുവർക്കും കാലാവധി ദീർഘിപ്പിച്ചിരിക്കുന്നത്. റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ സെപ്റ്റംബർ 16നും ഔദ്യോഗിക പരിപാടികളിൽ ഗവർണറായി തുടരുന്നതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മക്ക ഗവർണറായ ഖാലിദ് അൽ ഫൈസൽ 2007ലാണ് ആദ്യമായി ചുമതലയേൽക്കുന്നത്. പിന്നീട് 2015 ജനുവരി 29ന് മക്ക ഗവർണർ സ്ഥാനത്ത് വീണ്ടും നിയമിതനായ അദ്ദേഹം സൽമാൻ രാജാവിന്റെ ഉപദേഷ്ടാവായും ചുമതല വഹിച്ചു. ദീർഘകാല ഭരണപരിചയമുള്ള ഖാലിദ് അൽ ഫൈസൽ അസീർ പ്രവിശ്യയുടെ ഗവർണറായി 1971 മുതൽ 2007 വരെ പ്രവർത്തിച്ചിരുന്നു.
ഭരണരംഗത്തിന് പുറമെ സാഹിത്യം, കല, സംസ്കാരം തുടങ്ങിയ മേഖലകളിലും ഖാലിദ് അൽ ഫൈസൽ സജീവമായിരുന്നു. അബഹ കൾച്ചറൽ അവാർഡ്, അറബ് തോട്ട് ഫൗണ്ടേഷൻ തുടങ്ങിയ സംരംഭങ്ങളുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. മക്ക കൾച്ചറൽ ഫോറത്തിന്റെയും അമീർ ഖാലിദ് അൽ ഫൈസൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മോഡറേഷന്റെയും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതോടൊപ്പം കിങ് ഫൈസൽ അവാർഡ് ബോർഡിന്റെ അധ്യക്ഷ സ്ഥാനവും അദ്ദേഹം വഹിക്കുന്നു. 2019ൽ രാജ്യത്തിനായുള്ള സേവനങ്ങൾ പരിഗണിച്ച് സൽമാൻ രാജാവ് അദ്ദേഹത്തിന് ‘കിങ് അബ്ദുൽ അസീസ് സ്കാർഫ്’ നൽകി ആദരിച്ചിരുന്നു.
അതേസമയം, അമീർ ഫൈസൽ ബിൻ ബന്ദർ 2015 ജനുവരി 29നാണ് റിയാദ് പ്രവിശ്യയുടെ ഗവർണറായി നിയമിതനായത്. അതിന് മുമ്പ് ഖസീം പ്രവിശ്യയുടെ ഗവർണറായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ റിയാദ് മേഖലയിൽ വിവിധ വികസന, ഭരണപരിഷ്കാര പ്രവർത്തനങ്ങൾ നടപ്പാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. നിലവിലും അദ്ദേഹം റിയാദ് ഗവർണറായി ഔദ്യോഗിക ചുമതലകൾ നിർവഹിച്ചുവരുന്നതായി സൗദി പ്രസ് ഏജൻസിയുടെ പുതിയ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.
Comments ()