കൊച്ചിക്ക് പിന്നാലെ കൊല്ലത്തും ഇന്ദിര ക്യാന്റീൻ; 50 രൂപയ്ക്ക് മൂന്ന് നേരം ഭക്ഷണം

രാവിലെ 10 രൂപയ്ക്ക് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 20 രൂപയ്ക്ക് ഊണ്, രാത്രിയിൽ 10 രൂപയ്ക്ക് ഭക്ഷണം എന്നിങ്ങനെയായിരിക്കും നിരക്ക് പരിഗണിക്കുന്നത്. മൂന്ന് നേരത്തെ ഭക്ഷണവും പാഴ്സലായി വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും

കൊച്ചിക്ക് പിന്നാലെ കൊല്ലത്തും ഇന്ദിര ക്യാന്റീൻ; 50 രൂപയ്ക്ക് മൂന്ന് നേരം ഭക്ഷണം

കൊല്ലം: കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് മൂന്ന് നേരത്തെ ഭക്ഷണം ലഭ്യമാക്കാൻ കൊല്ലം നഗരത്തിലും ഇന്ദിര ക്യാന്റീൻ ആരംഭിക്കാൻ കോർപ്പറേഷൻ. കൊച്ചി മാതൃകയിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. രണ്ട് മാസത്തിനകം ക്യാന്റീൻ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

രാവിലെ 10 രൂപയ്ക്ക് പ്രഭാതഭക്ഷണം, ഉച്ചയ്ക്ക് 20 രൂപയ്ക്ക് ഊണ്, രാത്രിയിൽ 10 രൂപയ്ക്ക് ഭക്ഷണം എന്നിങ്ങനെയായിരിക്കും നിരക്ക് പരിഗണിക്കുന്നത്. മൂന്ന് നേരത്തെ ഭക്ഷണവും പാഴ്സലായി വാങ്ങാനുള്ള സൗകര്യവും ഉണ്ടാകും. പാഴ്സലിന് പാക്കിങ് ചാർജ് അധികമായി ഈടാക്കും. ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികളുമായി കോർപ്പറേഷൻ ചർച്ച നടത്തും.

പ്രഭാതഭക്ഷണത്തിൽ ഇഡ്ഡലി അല്ലെങ്കിൽ ദോശയ്ക്കൊപ്പം വെജിറ്റബിൾ കറിയും രാത്രിയിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയുമാണ് നിലവിൽ ആലോചിക്കുന്ന മെനു. ഉച്ചഭക്ഷണത്തിൽ ചോറിനൊപ്പം രണ്ട് കറികൾ, അച്ചാർ, തോരൻ എന്നിവ ഉൾപ്പെടുത്തും. ഭക്ഷണത്തിന്റെ അന്തിമ വിലയും മെനുവും കോർപ്പറേഷൻ കൗൺസിൽ യോഗം ചർച്ച ചെയ്ത ശേഷം തീരുമാനിക്കും.

പോളയത്തോട് ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞുകിടക്കുന്ന കടമുറികളിലാണ് ക്യാന്റീൻ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. സമീപത്തുള്ള നാല് കടമുറികൾ ഒരുമിച്ച് ഉപയോഗിച്ചായിരിക്കും പ്രവർത്തനം. പാചകത്തിനാവശ്യമായ ഉപകരണങ്ങൾ, ഭക്ഷണം കഴിക്കാനുള്ള സൗകര്യം, ഇന്റീരിയർ, ശൗചാലയം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി കുറഞ്ഞത് 50 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്.

പദ്ധതിയുടെ പ്രാരംഭ ചെലവിനും കുറഞ്ഞ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനുമായി കോർപ്പറേഷൻ സിഎസ്ആർ ഫണ്ട് കണ്ടെത്താനും ശ്രമിക്കും. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയ ശേഷം കൂടുതൽ ആളുകൾ ക്യാന്റീൻ ഉപയോഗിക്കുന്ന സാഹചര്യമുണ്ടായാൽ സ്വന്തം വരുമാനത്തിലൂടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യം.