സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്രം; ഇനി 'പ്രധാനമന്ത്രി' പദ്ധതികൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് പേരുകള്‍ മാറ്റാന്‍ അംഗീകാരം നല്‍കിയത്.

സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കി കേന്ദ്രം; ഇനി 'പ്രധാനമന്ത്രി' പദ്ധതികൾ

ഇന്ദിരാഗാന്ധിയുടെ പേരിൽ അറിയപ്പെട്ടിരുന്ന നാല് പ്രധാന സാമൂഹ്യ സുരക്ഷാ, പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. പദ്ധതികളുടെ പേരുകളിൽ നിന്ന് 'ഇന്ദിരാഗാന്ധി' എന്ന ഭാഗം പൂർണ്ണമായി ഒഴിവാക്കി പകരം 'പ്രധാനമന്ത്രി' (പി.എം) എന്ന് ചേർക്കാനും, പേരുകൾ ഹിന്ദിയിലാക്കാനുമാണ് കേന്ദ്ര തീരുമാനം. അതനുസരിച്ച് 'ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം' ഇനി മുതൽ 'പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന' എന്ന പേരിൽ അറിയപ്പെടും. ഇതിനുപുറമേ ഭിന്നശേഷി പെൻഷൻ പദ്ധതി, വിധവാ പെൻഷൻ പദ്ധതി, ദേശീയ കുടുംബ സഹായ പദ്ധതി, ദേശീയ സാമൂഹ്യ സുരക്ഷാ സഹായ പദ്ധതി എന്നിവയുടെ പേരുകളിലും സമാനമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

ഈ പദ്ധതികൾ അടുത്ത അഞ്ച് വർഷത്തേക്ക് കൂടി തുടരുന്നതിനായി 53,428 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്. ഇതിനൊപ്പം ഭിന്നശേഷി പെൻഷൻ അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങളിൽ വലിയ ഇളവുകളും സർക്കാർ പ്രഖ്യാപിച്ചു. നിലവിൽ 80 ശതമാനം വൈകല്യമുള്ളവർക്ക് മാത്രം നൽകിയിരുന്ന പെൻഷൻ, ഇനി മുതൽ 40 ശതമാനം വൈകല്യമുള്ളവർക്കും ലഭ്യമാകും. കൂടാതെ ഭിന്നശേഷിയുള്ള കുട്ടികൾക്ക് ജനനം മുതൽ തന്നെ ഈ പെൻഷന് അർഹതയുണ്ടായിരിക്കുന്നതാണ്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇന്ദിരാഗാന്ധിയുടെ പേര് വെട്ടിക്കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ ഈ സുപ്രധാന രാഷ്ട്രീയ നീക്കം.