നാദാപുരത്ത് വൻ മൊബൈൽ ഫോൺ കവർച്ച: 92 ഐഫോണുകൾ കവർന്നു; 80 ലക്ഷത്തിന്റെ നഷ്ടം
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്.
കോഴിക്കോട്: നാദാപുരത്ത് മൊബൈൽ ഫോൺ കടയുടെ ഷട്ടർ തകർത്ത് 92 ഐഫോണുകൾ കവർന്നു. നാദാപുരം ടൗണിൽ പ്രവർത്തിക്കുന്ന വില്യാപ്പിള്ളി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കടയിലാണ് വൻ മോഷണം നടന്നത്. കവർച്ച ചെയ്ത ഫോണുകൾക്ക് വിപണിയിൽ ഏകദേശം 80 ലക്ഷം രൂപ വിലവരും.
വെള്ളിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നതെന്ന് കരുതുന്നു. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവർച്ചാവിവരം പുറത്തറിഞ്ഞത്. ഷട്ടറിന്റെ പൂട്ട് തകർത്ത് അകത്തുകയറിയ മോഷ്ടാക്കൾ ഐഫോണുകൾ മാത്രമാണ് ലക്ഷ്യമിട്ടത്; കടയിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. മോഷണത്തിന് മുൻപായി കടയ്ക്കുള്ളിലെ സിസിടിവി ക്യാമറകൾ മോഷ്ടാക്കൾ തിരിച്ചുവെച്ചിരുന്നു.
Comments ()