നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ചാൽ പണി കിട്ടും; 5,000 രൂപ വരെ പിഴ
. രജിസ്ട്രേഷൻ പ്ലേറ്റ് അഴിച്ചുമാറ്റുക, വളച്ചുവയ്ക്കുക, അക്കങ്ങൾ മറയ്ക്കുക, ചെളിയോ കരിയോ പുരട്ടുക തുടങ്ങിയ പ്രവൃത്തികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അധികൃതർ വ്യക്തമാക്കി
തിരുവനന്തപുരം: വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ പ്ലേറ്റിൽ മാറ്റങ്ങൾ വരുത്തുന്നതും നമ്പർ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ മറയ്ക്കുന്നതും നിയമലംഘനമാണെന്ന് മോട്ടോർ വാഹനവകുപ്പ്. നമ്പർ പ്ലേറ്റുമായി ബന്ധപ്പെട്ട് വാഹന ഉടമകൾ നടത്തുന്ന വിവിധ ക്രമക്കേടുകൾക്കെതിരെ മുന്നറിയിപ്പുമായി വകുപ്പ് രംഗത്തെത്തി. രജിസ്ട്രേഷൻ പ്ലേറ്റ് അഴിച്ചുമാറ്റുക, വളച്ചുവയ്ക്കുക, അക്കങ്ങൾ മറയ്ക്കുക, ചെളിയോ കരിയോ പുരട്ടുക തുടങ്ങിയ പ്രവൃത്തികൾക്കെതിരെ നടപടിയുണ്ടാകുമെന്ന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ അധികൃതർ വ്യക്തമാക്കി.
ക്യാമറകളിൽ നമ്പർ പതിയാതിരിക്കാനുള്ള പ്രത്യേക വസ്തുക്കൾ ഉപയോഗിച്ച് പ്ലേറ്റ് നിർമിക്കുക, അക്കങ്ങൾക്കു മുകളിൽ സ്റ്റിക്കറുകൾ പതിക്കുക, പ്ലേറ്റിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റുക, റിമോട്ട് ഉപയോഗിച്ച് നമ്പർ മറയ്ക്കുന്ന സംവിധാനങ്ങൾ സ്ഥാപിക്കുക എന്നിവയും നിയമവിരുദ്ധമാണ്. ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റ് (HSRP) മാറ്റി സാധാരണ പ്ലേറ്റ് ഉപയോഗിക്കുന്നതും അനുവദനീയമല്ല. താൽക്കാലിക രജിസ്ട്രേഷൻ നമ്പറുകൾ, ട്രാൻസ്പോർട്ട് വാഹനങ്ങളിലെ നമ്പർ പ്രദർശനം, ഇലക്ട്രിക് ട്രാൻസ്പോർട്ട് വാഹനങ്ങളിലെ നിറക്രമം എന്നിവയുമായി ബന്ധപ്പെട്ട ചട്ടങ്ങളും വാഹന ഉടമകൾ പാലിക്കണം. വാഹനത്തിന്റെ വശങ്ങളിൽ ആവശ്യമായ നമ്പർ രേഖപ്പെടുത്താതിരിക്കുന്നതും പരിശോധനയിൽ നിയമലംഘനമായി കണക്കാക്കാം.
ഇത്തരം ക്രമക്കേടുകൾ അപകടങ്ങളിൽ ഉൾപ്പെട്ട വാഹനങ്ങളെ തിരിച്ചറിയുന്നതിന് തടസ്സമാകുകയും ഹിറ്റ് ആൻഡ് റൺ കേസുകളിലെ അന്വേഷണത്തെ ബാധിക്കുകയും ചെയ്യും. ഇതുമൂലം അപകടത്തിൽപ്പെട്ടവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിലും ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. രജിസ്ട്രേഷൻ ചട്ടങ്ങൾ ലംഘിക്കുന്നവർക്ക് ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് 3,000 രൂപയും മീഡിയം, ഹെവി വാഹനങ്ങൾക്ക് 5,000 രൂപയും പിഴ ചുമത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി. നമ്പർ പ്ലേറ്റുകൾ നിയമപ്രകാരമുള്ള രീതിയിൽ തന്നെ പ്രദർശിപ്പിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
Comments ()