മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും; സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഒക്ടോബർ 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒക്ടോബർ 21ന് ഈ ജില്ലകൾക്കൊപ്പം തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പുണ്ട്

മഴയ്ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും; സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തുലാവർഷം ശക്തിപ്രാപിച്ചതോടെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ച രാവിലെ പല ജില്ലകളിലും ശക്തമായ മഴ അനുഭവപ്പെട്ടു. വരും ദിവസങ്ങളിലും വിവിധയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഒക്ടോബർ 20ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒക്ടോബർ 21ന് ഈ ജില്ലകൾക്കൊപ്പം തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒക്ടോബർ 22ന് ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും ഒക്ടോബർ 23ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനങ്ങൾ ജാഗ്രത പാലിക്കുകയും കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിക്കുകയും വേണം.