ആയുധപൂജയ്ക്കിടെ ആകാശത്തേക്ക് എകെ-47 ഉപയോഗിച്ച് വെടിവെപ്പ്; വനിതാ ഐപിഎസ് ഉദ്യോഗസ്ഥ വിവാദത്തിൽ
'ലേഡി സിങ്കം' എന്നറിയപ്പെടുന്ന എസ്പി അങ്കിത ശർമ എകെ-47 ഉപയോഗിച്ച് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആയുധങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും പൊലീസ് പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നു
റായ്പുർ: വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ആയുധപൂജയ്ക്കിടെ സർവീസ് തോക്കുപയോഗിച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ ഛത്തീസ്ഗഡിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ അങ്കിത ശർമ വിവാദത്തിൽ. രാജ്നന്ദ്ഗാവ് ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിനിടെയാണ് സംഭവം. 'ലേഡി സിങ്കം' എന്നറിയപ്പെടുന്ന എസ്പി അങ്കിത ശർമ എകെ-47 ഉപയോഗിച്ച് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ആയുധങ്ങളുടെ സുരക്ഷിതമായ ഉപയോഗത്തെക്കുറിച്ചും പൊലീസ് പാലിക്കേണ്ട ചട്ടങ്ങളെക്കുറിച്ചും വിമർശനങ്ങൾ ഉയർന്നു.
പൊലീസ് സേനയുടെ ആയുധങ്ങളും വാഹനങ്ങളും പൂജിച്ചശേഷമാണ് വെടിവെപ്പ് നടന്നത്. അങ്കിത ശർമ പത്തോളം തവണ വെടിയുതിർക്കുന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. പിന്നാലെ എഎസ്പി കീർത്തൻ റാത്തോറും എകെ-47 ഉപയോഗിച്ച് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി അരുൺ സാവോ പ്രതികരിച്ചു. ഇത്തരം വെടിവെപ്പുകൾ അപകടങ്ങൾക്ക് വഴിവെക്കാമെന്നും അവ ഒഴിവാക്കേണ്ടതാണെന്നും വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ ആർ.കെ. വിജ് ചൂണ്ടിക്കാട്ടി.
ആയുധം കൈകാര്യം ചെയ്ത രീതിക്കെതിരെ മുൻ സൈനിക ഉദ്യോഗസ്ഥൻ കെ.ജെ.എസ്. ദില്ലനും വിമർശനമുന്നയിച്ചു. ലോഡ് ചെയ്ത തോക്ക് ഉപയോഗിച്ചുള്ള ഇത്തരം പ്രവൃത്തികൾ ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ചുറ്റും ആളുകൾ നിൽക്കുന്ന സാഹചര്യത്തിൽ ആയുധം കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട അടിസ്ഥാന സുരക്ഷാ ചട്ടങ്ങൾ അവഗണിക്കപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സർവീസ് ആയുധം ഉപയോഗിച്ച് ഇത്തരത്തിൽ വെടിവെക്കുന്നത് ആളുകളുടെ ജീവന് ഭീഷണിയാകാമെന്നും അപകടങ്ങളും ഗുരുതര പരിക്കുകളും ഉണ്ടാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments ()