7 ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് തുറക്കില്ല: നിലപാട് വ്യക്തമാക്കി ഇറാന്‍

ഈ ഉപാധികൾ അംഗീകരിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.

7 ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് തുറക്കില്ല: നിലപാട് വ്യക്തമാക്കി ഇറാന്‍

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കുന്നതിനായി മുന്നോട്ടുവെച്ച ഏഴ് പ്രധാന ഉപാധികൾ അംഗീകരിക്കാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഈ ഉപാധികൾ പൂർണ്ണമായി അംഗീകരിക്കുന്നത് വരെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാൻ നിലപാട് കടുപ്പിച്ചു.

എന്നാൽ, അമേരിക്ക തങ്ങളുടെ വ്യവസ്ഥകൾ അംഗീകരിക്കുകയാണെങ്കിൽ രണ്ടുദിവസത്തിനകം ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാറാണെന്ന് ഖത്തർ പ്രതിനിധികളുമായി നടന്ന ചർച്ചയിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി.

അതിനിടെ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ. ഡി. വാൻസ് അയച്ച കത്ത് ലഭിച്ചതായി ഇറാന്റെ ദേശീയ സുരക്ഷാ മേധാവി മൊഹ്‌സെൻ റെസായി സ്ഥിരീകരിച്ചു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകളിൽ ഒരു അനുകൂല സൂചനയായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തിന്റെ ആണവ പദ്ധതികളിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനെതിരെ സൈനിക ആക്രമണം നടത്തുന്ന കാര്യത്തിൽ അമേരിക്ക ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രതികരിച്ചു. സൈനിക നടപടികൾക്ക് പകരം നയതന്ത്രതലത്തിൽ ചർച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാനാണ് അമേരിക്ക മുൻഗണന നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാൻ അമേരിക്കയുമായി ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നുണ്ടെന്നും ചർച്ചകൾ ശരിയായ ദിശയിലാണ് പുരോഗമിക്കുന്നതെന്നും യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രതികരിച്ചു. ഫ്ലോറിഡയിൽ നടന്ന ഹാലോവീൻ പാർട്ടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇറാന്‍ ഒരു കരാറിലെത്താന്‍ ആഗ്രഹിക്കുന്നുണ്ട്, പക്ഷേ അവരെ പൂര്‍ണ്ണമായി വിശ്വസിക്കാനാകില്ല. മുന്‍പ് പലപ്പോഴും കരാറുകളില്‍ ഒപ്പുവെച്ച ശേഷം അവര്‍ അതില്‍ നിന്ന് പിന്മാറിയ ചരിത്രമുണ്ട്. എങ്കിലും നിലവില്‍ അവര്‍ക്കൊരു കരാര്‍ ആവശ്യമുണ്ട്, അത് സാധ്യമാകുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം,' ട്രംപ് പറഞ്ഞു.