അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വന്‍അപകടം; പത്ത്‌പേര്‍ക്ക് ദാരുണാന്ത്യം

കൂട്ടിയിടിയുടെ ആഘാതത്തിൽ ഒരു ട്രെയിൻ മറ്റൊന്നിന് മുകളിലേക്ക് കയറിയതായാണ് പ്രാഥമിക വിവരം. പാളം തെറ്റിയ ട്രെയിനുകളിലൊന്നിന് തീപിടിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്

അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് വന്‍അപകടം; പത്ത്‌പേര്‍ക്ക് ദാരുണാന്ത്യം

മാഡ്രിഡ്: സ്പെയിനിലെ ടൊലെഡോ പ്രവിശ്യയിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. സംഭവത്തെ തുടർന്ന് മാഡ്രിഡ്–സിയുഡാഡ് റിയൽ–അൻഡലൂസിയ റൂട്ടുകളിലെ ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതായി റെയിൽവേ ഓപ്പറേറ്ററായ എഡിഐഎഫ് അറിയിച്ചു.

കൂട്ടിയിടിയുടെ ആഘാതത്തിൽ ഒരു ട്രെയിൻ മറ്റൊന്നിന് മുകളിലേക്ക് കയറിയതായാണ് പ്രാഥമിക വിവരം. പാളം തെറ്റിയ ട്രെയിനുകളിലൊന്നിന് തീപിടിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. അപകടത്തിന്റെ ഗൗരവം വ്യക്തമാക്കിയ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സമീപപ്രദേശമായ ഉർദയിലെ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.

സ്പെയിനിലെ റെയിൽവേ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് പുതിയ ദുരന്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷം ജനുവരിയിൽ തെക്കൻ സ്പെയിനിലുണ്ടായ ട്രെയിൻ അപകടത്തിൽ 45 പേർ മരിച്ചിരുന്നു. ഒരു ട്രെയിൻ പാളം തെറ്റി എതിർദിശയിൽ വന്ന മറ്റൊരു ട്രെയിനുമായി കൂട്ടിയിടിച്ചായിരുന്നു അന്നത്തെ ദുരന്തം. 2013-ൽ 80 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിനു ശേഷം രാജ്യത്തുണ്ടായ ഏറ്റവും വലിയ റെയിൽ ദുരന്തമായിരുന്നു ജനുവരിയിലേത്. അതിനുപിന്നാലെ വീണ്ടും ട്രെയിൻ അപകടം ഉണ്ടായത് റെയിൽവേ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.