പ്രതിസന്ധി രൂക്ഷം; സൗദിയില്‍ കുടുങ്ങി മലയാളികള്‍, മലയാളികളുടെ മടക്കയാത്രയില്‍ കേന്ദ്ര ഇടപെടല്‍ തേടി കേരളം
ഉംറ കർമ്മങ്ങൾക്കും സന്ദർശക വിസയിലും പോയവരാണ് വിമാന സർവീസുകൾ തടസ്സപ്പെട്ടതുകാരണം നാട്ടിലേക്ക് മടങ്ങാനാകാതെ ബുദ്ധിമുട്ടുന്നത്
ഡൽഹി: മേഖലയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് സൗദി അറേബ്യയിൽ കുടുങ്ങിപ്പോയ മലയാളികളെ അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ജി. ദേവരാജൻ കേന്ദ്ര വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡുവിന് കത്തയച്ചു.
വിമാന സർവീസുകൾ പെട്ടെന്ന് തടസ്സപ്പെട്ടതോടെ ഉംറ തീർത്ഥാടനത്തിനും സന്ദർശക വിസയിലും സൗദിയിലെത്തിയ നിരവധിയാളുകളാണ് മടങ്ങാനാകാതെ അവിടെ ബുദ്ധിമുട്ടുന്നത്. അടിയന്തര ചികിത്സ ആവശ്യമായ രോഗികൾ, ഗർഭിണികൾ, ചെറിയ കുട്ടികൾ എന്നിവരടങ്ങുന്ന സംഘം വലിയ പ്രതിസന്ധിയാണ് നിലവിൽ നേരിടുന്നതെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
നിലവിലുണ്ടായ പ്രതിസന്ധിക്കിടയിലും പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾ സൗദിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട്. ഈ മാതൃകയിൽ, മുൻപ് കോവിഡ് കാലത്ത് ചെയ്തതുപോലെ ചാർട്ടേഡ് വിമാനങ്ങൾ ഉൾപ്പെടെയുള്ള പ്രത്യേക യാത്രാ സംവിധാനങ്ങൾ ഒരുക്കി മലയാളി യാത്രക്കാരെ എത്രയും വേഗം നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും ജി. ദേവരാജൻ ആവശ്യപ്പെട്ടു.
Comments ()