അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; നിബന്ധനകൾ അംഗീകരിക്കും വരെ ഹോർമുസ് അടഞ്ഞുകിടക്കും
തങ്ങൾ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക സംഘർഷം തുടരുന്നതിനിടെ കടുത്ത നിലപാട് ആവർത്തിച്ച് ഇറാൻ. തങ്ങൾ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി.
അമേരിക്ക യുദ്ധവും ഉപരോധവും അവസാനിപ്പിക്കുകയും ഇറാന്റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനൽകുകയും ചെയ്യണമെന്നാണ് ടെഹ്‌റാന്റെ പ്രധാന ആവശ്യങ്ങൾ. ലെബനൻ, ഗാസ എന്നിവയുൾപ്പെടെ മേഖലയിലെ വിവിധ ഭാഗങ്ങളിൽ വെടിനിർത്തൽ നടപ്പാക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. ഈ നിബന്ധനകൾ പാലിക്കുന്നതുവരെ കടലിടുക്ക് അടച്ചിടുമെന്നാണ് പുതിയ മുന്നറിയിപ്പ്.
ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (SNSC) സെക്രട്ടറിയായി ചുമതലയേറ്റ മുൻ ഐആർജിസി കമാൻഡർ ഇൻ ചീഫ് മൊഹ്സെൻ റെസായിയാണ് നിലപാട് വ്യക്തമാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് സമൂഹമാധ്യമങ്ങളിലൂടെയാണ് അദ്ദേഹം ഇറാന്റെ ആവശ്യങ്ങൾ വിശദീകരിച്ചത്.
ചൈനയുമായുള്ള നയതന്ത്ര ചർച്ചകൾക്കിടെയാണ് ഇറാന്റെ പ്രഖ്യാപനം വന്നത്. SNSC സെക്രട്ടറിയായ ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയിൽ റെസായി ടെഹ്‌റാനിലെ ചൈനീസ് അംബാസഡർ കോങ് പേയ്വൂവുമായി ചർച്ച നടത്തി. ഐക്യരാഷ്ട്രസഭയിൽ ഇറാനെതിരായ യുഎസ് പിന്തുണയുള്ള പ്രമേയങ്ങളെ എതിർത്ത ചൈനയുടെ നിലപാടിനെ റെസായി പ്രശംസിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ധാരണയും അമേരിക്കയുടെ ഇടപെടലിൽനിന്ന് സ്വതന്ത്രമായിരിക്കുമെന്നും റെസായി വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം ആറ് മാസത്തോളമായി രൂക്ഷമായി തുടരുന്നതിനിടെയാണ് ഹോർമുസ് സംബന്ധിച്ച ഇറാന്റെ നിലപാട് വീണ്ടും ശക്തമായി പുറത്തുവന്നത്. ആഗോള എണ്ണവിതരണത്തിന്റെ പ്രധാന കടൽപാതകളിലൊന്നായ ഹോർമുസിലെ സാഹചര്യം രാജ്യാന്തര തലത്തിലും ആശങ്ക ഉയർത്തുന്നുണ്ട്.
Comments ()