മസ്തിഷ്കമരണം സംഭവിച്ച ജോളി വർഗീസ് ഇനി അഞ്ചുപേരിലൂടെ ജീവിക്കും

ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന ജോളിക്ക് അപ്രതീക്ഷിതമായി രോഗബാധയുണ്ടായതിനെ തുടർന്നാണ് മസ്തിഷ്കമരണം സംഭവിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

മസ്തിഷ്കമരണം സംഭവിച്ച ജോളി വർഗീസ് ഇനി അഞ്ചുപേരിലൂടെ ജീവിക്കും

കൊല്ലം: മസ്തിഷ്കമരണം സംഭവിച്ച കൊട്ടാരക്കര സ്വദേശിനി ജോളി വർഗീസിന്റെ അവയവദാന തീരുമാനത്തിലൂടെ അഞ്ച് പേർക്ക് പുതുജീവിതം. ഓടനാവട്ടം താറാംവിളയിലെ ജിജിൻ ഭവനിൽ ജോളിയുടെ കുടുംബമാണ് അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ച് മാതൃകയായത്. ഫാർമസിസ്റ്റായി ജോലി ചെയ്തിരുന്ന ജോളിക്ക് അപ്രതീക്ഷിതമായി രോഗബാധയുണ്ടായതിനെ തുടർന്നാണ് മസ്തിഷ്കമരണം സംഭവിച്ചത്. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

ദാനം ചെയ്ത വൃക്കകളിലൊന്ന് പത്തനംതിട്ട ഇലന്തൂർ സ്വദേശി പി.വി. റെജിക്ക് (58) മാറ്റിവച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. യൂറോളജി വിഭാഗം മേധാവിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. ഫ്രെഡറിക് പോളിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.

അവയവങ്ങൾ ലഭിക്കാനായി കാത്തിരിക്കുന്ന രോഗികൾക്ക് ഇത്തരം തീരുമാനങ്ങൾ വലിയ ആശ്വാസവും ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള അവസരവുമാണ് നൽകുന്നത്. ജോളിയുടെ കുടുംബം എടുത്ത തീരുമാനം മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു. സ്വന്തം ജീവിതം അവസാനിച്ച ശേഷവും മറ്റുള്ളവരിലൂടെ ജീവൻ തുടരാൻ കഴിയുമെന്ന സന്ദേശമാണ് ഈ അവയവദാനം സമൂഹത്തിന് നൽകുന്നത്.