വിവാഹ ബ്രോക്കറെന്ന വ്യാജേന തട്ടിപ്പ്; കൊല്ലത്ത് 33കാരി അറസ്റ്റിൽ
ചന്ദനത്തോപ്പ് അഞ്ചിതം വീട്ടിൽ ഹസീന (33)യെയാണ് കുണ്ടറ പൊലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട രണ്ട് പുരുഷന്മാർക്കായി അന്വേഷണം തുടരുകയാണ്
കൊല്ലം: വിവാഹ ബ്രോക്കറാണെന്ന് പരിചയപ്പെടുത്തി വയോധികനെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ യുവതി അറസ്റ്റിലായി. ചന്ദനത്തോപ്പ് അഞ്ചിതം വീട്ടിൽ ഹസീന (33)യെയാണ് കുണ്ടറ പൊലീസ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട രണ്ട് പുരുഷന്മാർക്കായി അന്വേഷണം തുടരുകയാണ്.
കൊല്ലം ആയിരംതെങ്ങ് സ്വദേശിയായ ബാബു (68)വിനെയാണ് കേരളപുരത്തെ വീട്ടിലേക്ക് വിവാഹാലോചനയുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞ് വിളിച്ചുവരുത്തിയത്. തുടർന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന നാല് പവനിലധികം സ്വർണാഭരണങ്ങളും 5,000 രൂപയും കവർന്നതായാണ് പരാതി. മാലയും മോതിരവും ഉൾപ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടമായത്. ഹസീനയ്ക്കൊപ്പം രണ്ട് പുരുഷന്മാർ കൂടി കവർച്ചയിൽ പങ്കെടുത്തതായി പൊലീസ് സംശയിക്കുന്നു. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നുമാണ് പൊലീസ് അറിയിച്ചത്.
കുണ്ടറ എസ്.എച്ച്.ഒ സുനുകുമാറിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ദീപു പിള്ള, അരുൺ കുമാർ, പ്രിയ എന്നിവരും സി.പി.ഒ അൻവറും ഉൾപ്പെട്ട സംഘമാണ് ഹസീനയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മറ്റ് പ്രതികളെ കണ്ടെത്താനുള്ള നടപടികൾ തുടരുകയാണ്.
Comments ()