ടി20യിൽ പുതിയ ചരിത്രമെഴുതി ജോസ് ബട്‌ലർ; എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനായി ഇംഗ്ലണ്ട് നായകൻ

ദി ഹണ്ട്രഡ് ടൂർണമെന്റിൽ മാഞ്ചസ്റ്റർ ഒറിജിനൽസിനായി പുറത്താകാതെ നേടിയ 51 റൺസാണ് ബട്‌ലറെ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചത്. വെറും 27 പന്തുകളിൽ നേടിയ ഈ ഇന്നിങ്സിന് പിന്നാലെ അദ്ദേഹത്തിന്റെ ടി20 റൺസമ്പാദ്യം 14,833 ആയി ഉയർന്നു

ടി20യിൽ പുതിയ ചരിത്രമെഴുതി ജോസ് ബട്‌ലർ; എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരനായി ഇംഗ്ലണ്ട് നായകൻ

ലണ്ടൻ: ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കോർഡ് ഇനി ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറുടെ പേരിൽ. വെസ്റ്റ് ഇൻഡീസ് മുൻ നായകൻ കെയ്റോൺ പൊള്ളാർഡിന്റെ ദീർഘകാല റെക്കോർഡ് മറികടന്നാണ് ബട്‌ലർ ടി20 ചരിത്രത്തിലെ ഒന്നാം സ്ഥാനത്തെത്തിയത്.

ദി ഹണ്ട്രഡ് ടൂർണമെന്റിൽ മാഞ്ചസ്റ്റർ ഒറിജിനൽസിനായി പുറത്താകാതെ നേടിയ 51 റൺസാണ് ബട്‌ലറെ ചരിത്രനേട്ടത്തിലേക്ക് എത്തിച്ചത്. വെറും 27 പന്തുകളിൽ നേടിയ ഈ ഇന്നിങ്സിന് പിന്നാലെ അദ്ദേഹത്തിന്റെ ടി20 റൺസമ്പാദ്യം 14,833 ആയി ഉയർന്നു.

522 മത്സരങ്ങളിലാണ് ബട്‌ലർ ഈ നേട്ടത്തിലെത്തിയത്. ടി20 കരിയറിൽ ഇതുവരെ 10 സെഞ്ചുറികളും 106 അർധസെഞ്ചുറികളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കെയ്റോൺ പൊള്ളാർഡിന്റെ പേരിൽ 14,803 റൺസായിരുന്നു ഉണ്ടായിരുന്നത്.

14,562 റൺസുമായി വെസ്റ്റ് ഇൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ മൂന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിന്റെ അലക്സ് ഹെയ്ൽസ്, ഓസ്ട്രേലിയയുടെ ഡേവിഡ് വാർണർ എന്നിവരാണ് പട്ടികയിലെ ആദ്യ അഞ്ചിൽ ഇടംപിടിച്ചിരിക്കുന്ന മറ്റു താരങ്ങൾ.

ഇന്ത്യൻ താരങ്ങളിൽ വിരാട് കോലിയാണ് ഏറ്റവും മുന്നിലുള്ളത്. 14,218 റൺസുമായി കോലി പട്ടികയിൽ ആറാം സ്ഥാനത്താണ്. നിലവിൽ ടി20യിലെ ആദ്യ അഞ്ച് റൺവേട്ടക്കാരിൽ ഒരു ഇന്ത്യൻ താരത്തിനും ഇടമില്ല.

അതേസമയം, ടി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ഇപ്പോഴും കെയ്റോൺ പൊള്ളാർഡിന്റെ പേരിലാണ്. 741 ടി20 മത്സരങ്ങൾ കളിച്ച പൊള്ളാർഡിനെ പിന്തുടരുന്നത് വെസ്റ്റ് ഇൻഡീസ് സ്പിന്നർ സുനിൽ നരെയ്നാണ്. മത്സരങ്ങളുടെ എണ്ണത്തിൽ ജോസ് ബട്‌ലർ ആദ്യ പത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും റെക്കോർഡ് പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്.