ഹൂതി ആക്രമണം: കരിപ്പൂരിൽ നിന്ന് സൗദിയിലേക്കുള്ള 3 വിമാനങ്ങൾ റദ്ദാക്കി
ഹൂത്തി ആക്രമണത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി.
മലപ്പുറം / റിയാദ്: റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ശക്തമായ ആക്രമണത്തെത്തുടർന്ന് കോഴിക്കോട് (കരിപ്പൂർ) വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് സൗദി സർവീസുകൾ റദ്ദാക്കി. രാവിലെ 9.55-ന്റെ സൗദി എയർലൈൻസ് (SV 713), രാവിലെ 9.10-ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസ് (XY 328), രാത്രി 8.15-ന്റെ എയർ ഇന്ത്യ എക്സ്പ്രസ് (IX 321) എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. സർവീസുകൾ പെട്ടെന്ന് മുടങ്ങിയതോടെ നൂറുകണക്കിന് യാത്രക്കാരാണ് കരിപ്പൂരിൽ ദുരിതത്തിലായത്.
കഴിഞ്ഞദിവസമുണ്ടായ ഹൂതി ആക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സൗദി അറേബ്യ സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ പശ്ചിമേഷ്യയിൽ ഇറാൻ ബന്ധമുള്ള സംഘർഷങ്ങൾ ആരംഭിച്ച ശേഷം സൗദിക്ക് നേരെ ഉണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. കൊല്ലപ്പെട്ടവരിൽ നാല് സൗദി പൗരന്മാരും ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്ത്, പലസ്തീൻ, സിറിയ എന്നിവിടങ്ങളിൽ നിന്നുള്ള വിദേശികളുമാണ് ഉൾപ്പെട്ടിട്ടുള്ളത്.
അതേസമയം, റിയാദ് വിമാനത്താവളത്തിനു നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായ ഭാഷയിൽ അപലപിച്ചു. സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ തികച്ചും അസ്വീകാര്യമാണെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ ജനങ്ങൾക്കും സർക്കാരിനും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇന്ത്യ, മേഖലയിൽ എത്രയും വേഗം സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി.
Comments ()