ശിവസൂര്യയുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ചിന്; 70 ദിവസമായിട്ടും കണ്ടെത്താനായില്ല

നേരത്തെ ചൊക്ലി പൊലീസും പ്രത്യേക അന്വേഷണ സംഘവും നടത്തിയ പരിശോധനകളിൽ കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്

ശിവസൂര്യയുടെ തിരോധാനം: അന്വേഷണം ക്രൈംബ്രാഞ്ചിന്; 70 ദിവസമായിട്ടും കണ്ടെത്താനായില്ല

കണ്ണൂർ: ചൊക്ലി സ്വദേശിയായ 17കാരൻ ശിവസൂര്യയെ കാണാതായ സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡിവൈഎസ്പി കെ. സനിൽകുമാറിനാണ് അന്വേഷണത്തിന്റെ ചുമതല. നേരത്തെ ചൊക്ലി പൊലീസും പ്രത്യേക അന്വേഷണ സംഘവും നടത്തിയ പരിശോധനകളിൽ കുട്ടിയെ കണ്ടെത്താനാകാത്തതിനെ തുടർന്നാണ് കുടുംബത്തിന്റെ ആവശ്യപ്രകാരം കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ഓഗസ്റ്റ് എട്ടിനാണ് മൊബൈൽ ഫോൺ വാങ്ങിവെച്ചതുമായി ബന്ധപ്പെട്ട് ശിവസൂര്യ വീട്ടിൽനിന്ന് ഇറങ്ങിപ്പോയത്. കാശിയിലേക്ക് പോകുകയാണെന്നും അവിടെയെത്തി ദൈവത്തിൽ ലയിക്കുമെന്നും സൂചിപ്പിക്കുന്ന കുറിപ്പ് വീട്ടിൽ എഴുതിവെച്ചിരുന്നു. കുട്ടിയെ കണ്ടെത്തുന്നതിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയ പൊലീസ് പിന്നീട് ബെംഗളൂരു, മൈസൂരു, മംഗളൂരു എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഒടുവിൽ വാരണാസിയിലും പരിശോധന നടത്തിയെങ്കിലും ശിവസൂര്യയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

തിരച്ചിൽ നടത്തിയ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങളിലും കുട്ടിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. ശിവസൂര്യയ്ക്ക് എവിടെയെങ്കിലും ഒളിവിൽ കഴിയാൻ മറ്റാരുടെയെങ്കിലും സഹായം ലഭിക്കുന്നുണ്ടോയെന്ന സംശയവും പൊലീസിനും കുടുംബത്തിനുമുണ്ട്. 70 ദിവസമായി മകനെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.