മോഷണക്കേസില്‍ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽവാസി തൂങ്ങിമരിച്ച നിലയിൽ

ബാലകൃഷ്ണനെയാണ് (58) വീടിനു സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മോഷണക്കേസില്‍ പൊലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ അയൽവാസി തൂങ്ങിമരിച്ച നിലയിൽ

പെരിയാട്ടടുക്കം (കാസർകോട്): മോഷണം നടന്ന വീട്ടിൽനിന്ന് മണംപിടിച്ചെത്തിയ പൊലീസ് നായ നിന്ന ഭാഗത്തിനു സമീപം താമസിക്കുന്നയാളെ ചോദ്യംചെയ്യാൻ വിളിപ്പിച്ചതിനു പിന്നാലെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പെരിയാട്ടടുക്കം നീരാറ്റി തൊട്ടിയിലെ ബാലകൃഷ്ണനെയാണ് (58) വീടിനടുത്തുള്ള പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൈസൂരു വിരാജ്പേട്ട സ്വദേശിയായ ഇയാൾ പനയാൽ പെരിയാട്ടടുക്കം നീരാറ്റിയിലാണ് താമസിച്ചിരുന്നത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം. മോഷണം നടന്ന വീട്ടിൽനിന്ന് ഏകദേശം 200 മീറ്റർ അകലെയാണ് ബാലകൃഷ്ണന്റെ വീട്. പ്രഭാതസവാരിക്കു പോയ സമയത്ത് വീട്ടിൽനിന്ന് 2 പവന്റെ വളയും 3 പവന്റെ ബ്രേസ്‍ലറ്റും 3,000 രൂപയും നഷ്ടപ്പെട്ടതായി ഗൃഹനാഥയായ ധന്യ പരാതി നൽകിയിരുന്നു. മകൾ മുകൾനിലയിൽ ഉറങ്ങുകയായിരുന്നതിനാൽ വീട് പൂട്ടി താക്കോൽ വൈദ്യുതി മീറ്റർ ബോക്സിലാണ് വച്ചിരുന്നത്. ഈ താക്കോലെടുത്ത് വീട് തുറന്ന് കവർച്ച നടത്തിയ ശേഷം താക്കോൽ തിരികെ അവിടെത്തന്നെ വച്ചതായാണ് കരുതുന്നത്.

തിരികെയെത്തിയ ധന്യ മോഷണവിവരം അറിഞ്ഞതോടെ ബേക്കൽ പൊലീസിൽ പരാതി നൽകി. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് നായ മണംപിടിച്ച് ബാലകൃഷ്ണന്റെ വീടിനു സമീപം വരെയെത്തി നിന്നു. ഇതോടെ ബാലകൃഷ്ണനോടും സമീപവാസികളോടും ചോദ്യംചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് നിർദേശിച്ചു. എന്നാൽ, പൊലീസ് സംഘം മോഷണം നടന്ന വീട്ടിലേക്ക് തിരികെ എത്തിയതിനു പിന്നാലെ ബാലകൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി മകൻ വിവരമറിയിക്കുകയായിരുന്നു.