‘പ്രിയപ്പെട്ട കേരളമേ, എനിക്കൊരു നല്ല പാവാട വേണം; പുസ്തകങ്ങളും’; കണ്ണീരൊപ്പി 'കേരളത്തിന് ഒരു കത്ത്'
ഉള്ളു നീറ്റി അഞ്ചാം ക്ലാസുകാരിയുടെ കത്ത്
കാളികാവ് (മലപ്പുറം): ആറ് പെൺമക്കൾ ഒന്നിച്ചു കളിക്കുമ്പോൾ ആ കൊച്ചുവീട്ടിൽ നിറയെ ആഘോഷമാണ്. എന്നാൽ, ആ ചിരികൾക്കിടയിലും അഞ്ചാം ക്ലാസ്സുകാരിയായ ഒരു മിടുക്കിയുടെ മനസ്സിൽ വലിയൊരു സങ്കടഭാരമുണ്ട്. തന്റെ ആഗ്രഹങ്ങളും വീടിന്റെ പരിമിതികളും അവൾ അക്ഷരങ്ങളിലേക്ക് പകർത്തിയപ്പോൾ അത് ഒരു നാടിന്റെയാകെ നൊമ്പരമായി മാറുകയാണ്.
"പ്രിയ കേരളമേ... എനിക്ക് നല്ലൊരു പാവാട വേണമെന്നുണ്ട്... വായിക്കാൻ നല്ല പുസ്തകങ്ങൾ വേണമെന്നുണ്ട്..." - കേരളപ്പിറവിയോടനുബന്ധിച്ച് മലയാള മനോരമ നല്ലപാഠം വിദ്യാർഥികൾക്കായി നൽകിയ 'കേരളത്തിന് ഒരു കത്ത്' എന്ന ദൗത്യത്തിലാണ് അവൾ തന്റെ ഉള്ളിലെ ആഗ്രഹങ്ങൾ തുറന്നെഴുതിയത്.
കത്തെഴുതാമോ എന്ന് ടീച്ചർ ചോദിച്ചപ്പോൾ ആ കുഞ്ഞുമനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് തന്റെ വീടും അഞ്ച് സഹോദരിമാരുടെ മുഖങ്ങളുമായിരുന്നു. സഹപാഠികൾ കേരളത്തിന്റെ നേട്ടങ്ങളും മികവുകളും വാഴ്ത്തി എഴുതിയപ്പോൾ, ആരും കാണാതെ കണ്ണീർ തുടച്ചാണ് അവൾ സ്വന്തം ജീവിതത്തിലെ ഇല്ലായ്മകളെക്കുറിച്ച് കുറിച്ചത്. ഉള്ളിലെ വേദന ആരുമറിയാതിരിക്കാൻ എഴുതി പൂർത്തിയാക്കിയ കത്ത് അവൾ ടീച്ചറെപ്പോലും കാണിക്കാതെ നേരിട്ട് നല്ലപാഠത്തിന് അയച്ചുകൊടുക്കുകയായിരുന്നു.
കത്തിലെ വരികളിലൂടെ:"ഞങ്ങൾ ആറ് പെൺമക്കളാണ്. ഉപ്പ കൂലിപ്പണിക്കു പോകുന്നു. ഉമ്മയ്ക്ക് എപ്പോഴും വിഷമമാണ്. കേരളമേ, എനിക്ക് നല്ല പാവാട വേണമെന്നു തോന്നാറുണ്ട്. നല്ല പുസ്തകങ്ങൾ വേണമെന്നു തോന്നാറുണ്ട്. പക്ഷേ, ഉപ്പാന്റെ കയ്യിൽ പണമില്ല. എന്റെ അനിയത്തിമാരും താത്തമാരും ഇങ്ങനെ തന്നെയാണു വിഷമിക്കുന്നത്. പാവപ്പെട്ട വീടുകളിലെ കുട്ടികളാരും പണമില്ലാത്തതിന്റെ പേരിൽ പഠിപ്പ് നിർത്തേണ്ടിവരരുത്. എല്ലാവർക്കും നല്ല വസ്ത്രങ്ങൾ കിട്ടണം. ഉപ്പയ്ക്കും ഉമ്മയ്ക്കും വിഷമമില്ലാത്ത ഒരു നാടായി എന്റെ കേരളം മാറണം." - സ്വന്തം ആഗ്രഹങ്ങൾക്കപ്പുറം നാട്ടിലെ എല്ലാ പാവപ്പെട്ട കുട്ടികൾക്കും വേണ്ടിയാണ് അവൾ തന്റെ കത്തിലൂടെ പ്രാർഥിക്കുന്നത്.
കാളികാവിനടുത്ത് പള്ളിശേരിയിലെ രണ്ടുമുറി വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്. ഉപ്പയുടെ മാതാപിതാക്കളടക്കം ആകെ പത്തുപേരാണ് ഈ കൊച്ചുവീട്ടിൽ താമസിക്കുന്നത്. കൂലിപ്പണിക്കാരനായ ഉപ്പയുടെ ഏക വരുമാനത്തിലാണ് ഈ വലിയ കുടുംബം മുന്നോട്ടുപോകുന്നത്. അഞ്ചച്ചവടി ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനിയായ ഈ കൊച്ചുമിടുക്കിയുടെ വാക്കുകൾ നമ്മുടെ ചുറ്റുമുള്ള നിഷ്കളങ്കരായ ബാല്യങ്ങളുടെ ഉള്ളിലെ തീരാവേദനയിലേക്കാണ് വിരൽചൂണ്ടുന്നത്.
Comments ()