ഗവർണർ പദവിക്ക് ശേഷം വീണ്ടും വക്കീൽ കുപ്പായത്തിൽ പിഎസ് ശ്രീധരൻപിള്ള, ചർച്ചയായി മടങ്ങിവരവ്

ആലപ്പുഴ സെഷൻസ് കോടതിയിൽ നടന്ന ഷാൻ വധക്കേസുമായി ബന്ധപ്പെട്ട നടപടികളിൽ പ്രതിഭാഗത്തിന് വേണ്ടി അദ്ദേഹം ഹാജരായി

ഗവർണർ പദവിക്ക് ശേഷം വീണ്ടും വക്കീൽ കുപ്പായത്തിൽ  പിഎസ് ശ്രീധരൻപിള്ള, ചർച്ചയായി  മടങ്ങിവരവ്

ആലപ്പുഴ: ഗവർണർ പദവിയിൽ നിന്നുള്ള പടിയിറക്കത്തിന് പിന്നാലെ വീണ്ടും സജീവ അഭിഭാഷക വേഷത്തിൽ ബിജെപി നേതാവ് പി.എസ്. ശ്രീധരൻപിള്ള. ആലപ്പുഴ സെഷൻസ് കോടതിയിൽ നടന്ന ഷാൻ വധക്കേസുമായി ബന്ധപ്പെട്ട നടപടികളിൽ പ്രതിഭാഗത്തിന് വേണ്ടി അദ്ദേഹം ഹാജരായി.

ഗവർണർ സ്ഥാനം ഒഴിഞ്ഞശേഷം അഭിഭാഷക ജോലിയിലേക്ക് മടങ്ങിയെത്തുന്ന രാജ്യത്തെ ആദ്യ വ്യക്തി താനാണെന്നാണ് ശ്രീധരൻപിള്ളയുടെ അവകാശവാദം. അഭിഭാഷകവൃത്തിയോടുള്ള പ്രത്യേക താൽപര്യവും ആത്മബന്ധവുമാണ് വീണ്ടും കോടതിയിലെത്താൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് പതിറ്റാണ്ടിലേറെ നീളുന്ന നിയമരംഗത്തെ അനുഭവസമ്പത്താണ് ശ്രീധരൻപിള്ളയ്ക്കുള്ളത്. കീഴ്‌ക്കോടതികൾ മുതൽ സുപ്രീംകോടതി വരെയുള്ള വിവിധ കോടതികളിൽ ശ്രദ്ധേയമായ നിരവധി കേസുകളിൽ അദ്ദേഹം അഭിഭാഷകനായി പ്രവർത്തിച്ചിട്ടുണ്ട്.

കേരളത്തിൽ വിവിധ കാലഘട്ടങ്ങളിലായി അധികാരത്തിലിരുന്ന സർക്കാരുകൾ 12 കേസുകളിൽ അദ്ദേഹത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായും നിയമിച്ചിട്ടുണ്ട്.

കേന്ദ്ര സർക്കാരിന്റെ കേരള ഹൈക്കോടതിയിലെ സീനിയർ സ്റ്റാൻഡിങ് കൗൺസൽ, അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ, സിബിഐയുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിങ് കൗൺസൽ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കാലിക്കറ്റ് ബാർ അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള ശ്രീധരൻപിള്ളയുടെ കോടതി പ്രവേശനം വീണ്ടും ശ്രദ്ധ നേടുകയാണ്.