മഴയും കാറ്റും ശക്തമായേക്കും, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
മഴയ്ക്കൊപ്പം തീരപ്രദേശങ്ങളിൽ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്കൊപ്പം തീരപ്രദേശങ്ങളിൽ മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലും യെല്ലോ അലർട്ട് ബാധകമാണ്. 24 മണിക്കൂറിനുള്ളിൽ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് ശക്തമായ മഴയായി കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്.
അതേസമയം, കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാൽ ഒക്ടോബർ 22, 23 തീയതികളിൽ ഈ തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിലും ചില സമയങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിലും കാറ്റ് വീശാൻ സാധ്യതയുണ്ട്. കടലിൽ മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Comments ()