വാഗമണിലെ ഇൻഫിനിറ്റി പൂളിലേക്കുള്ള യാത്രയ്ക്കിടെ അപകടം, 800 അടി താഴ്ചയിലേക്ക് വീണ് ഡോക്ടർ

സഞ്ജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇഎൻടി സർജനായ ഇവരെ പരിക്കുകളോടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വാഗമണിലെ ഇൻഫിനിറ്റി പൂളിലേക്കുള്ള യാത്രയ്ക്കിടെ അപകടം, 800 അടി താഴ്ചയിലേക്ക് വീണ് ഡോക്ടർ

തൊടുപുഴ: വാഗമണിലെ നാച്വറല്‍ ഇൻഫിനിറ്റി പൂളിന് സമീപം അപകടത്തിൽപ്പെട്ട വനിതാ ഡോക്ടറെ അതിസാഹസികമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന. ഉത്തർപ്രദേശ് സ്വദേശിയായ 28കാരിയായ സുഖിയ ജെയിനാണ് അപകടത്തിൽപ്പെട്ടത്. സഞ്ജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഇഎൻടി സർജനായ ഇവരെ പരിക്കുകളോടെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഗമണിൽനിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയുള്ള വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ളതും സഞ്ചാരത്തിന് പ്രയാസമുള്ളതുമായ വഴിയിലൂടെ നീങ്ങുന്നതിനിടെ കാൽ വഴുതി ഡോക്ടർ ഏകദേശം 800 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പാദത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സ്വയം മുകളിലേക്ക് കയറാനോ നടക്കാനോ കഴിയാത്ത അവസ്ഥയിലായി.

വിവരമറിഞ്ഞ് പീരുമേട്ടിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നവാസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആനന്ദ്, രജീഷ്, രാഗേഷ് ലാൽ, അലക്സ് സൈമൺ എന്നിവരടങ്ങിയ സംഘമാണ് ഡോക്ടറെ സുരക്ഷിതമായി പുറത്തെത്തിച്ചത്. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടകരമായ ഭൂപ്രകൃതിയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർ അതീവ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയും സംഭവം ഓർമിപ്പിക്കുന്നു.