മഴ കനക്കും, കാറ്റും ശക്തമാകും; കേരളത്തിൽ ജാഗ്രതാ നിർദേശം, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

നാളെ മഴ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്

മഴ കനക്കും, കാറ്റും ശക്തമാകും; കേരളത്തിൽ ജാഗ്രതാ നിർദേശം, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. നാളെ മഴ മുന്നറിയിപ്പ് കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റന്നാൾ മുതൽ മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ കൂടുതൽ ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ ലഭിക്കാം. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ മാറ്റങ്ങൾ നിരീക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു.

അതേസമയം, കേരളത്തിന്റെ തെക്കൻ തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തെ തുടർന്നുള്ള ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയുള്ള തീരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 2.30 മുതൽ നാളെ രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാനിടയുണ്ട്. കന്യാകുമാരി തീരത്തും ഇന്ന് രാവിലെ 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്.

കടൽക്ഷോഭ ഭീഷണി നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മുന്നറിയിപ്പുണ്ട്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 25 വരെ മത്സ്യബന്ധനം പാടില്ല. കർണാടക തീരത്ത് 23 മുതൽ 25 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.