ബജറ്റില്‍ തിളങ്ങി 8 ജില്ലകള്‍; നിങ്ങളുടെ ജില്ലയ്ക്ക് എന്ത് കിട്ടി?
യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ 2026-27 വര്‍ഷത്തെ പുതുക്കിയ ബജറ്റ് 'പുതുയുഗ കേരളം' എന്ന ലക്ഷ്യത്തോടെയുള്ള ഒട്ടനവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തി
തിരുവനന്തപുരം: മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി.ഡി. സതീശന്‍
നിയമസഭയില്‍ അവതരിപ്പിച്ച, യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ 2026-27 വര്‍ഷത്തെ പുതുക്കിയ ബജറ്റ് 'പുതുയുഗ കേരളം' എന്ന ലക്ഷ്യത്തോടെയുള്ള ഒട്ടനവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തി. അടുത്ത 5 വര്‍ഷത്തെ വികസനത്തിനുള്ള വ്യക്തമായ ദിശാസൂചികയായിട്ടാണ് ഈ ബജറ്റിനെ മുഖ്യമന്ത്രി അവതരിപ്പിച്ചത്.
സാധാരണക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന ക്ഷേമപദ്ധതികളും വികസന പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു. ബജറ്റില്‍ വിവിധ ജില്ലകള്‍ക്കായി പ്രഖ്യാപിച്ച പ്രധാന പദ്ധതികള്‍ താഴെ പറയുന്നവയാണ്.
തിരുവനന്തപുരം: തലസ്ഥാനത്തെ കേരളത്തിന്റെ നോളജ് ആന്‍ഡ് സ്‌പേസ് ടെക്‌നോളജി ഹബ്ബായി വികസിപ്പിക്കും. വിഴിഞ്ഞം തുറമുഖത്ത് രാജ്യത്തെ ആദ്യ ഗ്രീന്‍ ബങ്കറിംഗ് കേന്ദ്രവും കപ്പല്‍ നിര്‍മ്മാണ-അറ്റകുറ്റപ്പണി കേന്ദ്രവും സ്ഥാപിക്കും. ബാലരാമപുരം-വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍, ഔട്ടര്‍ റിംഗ് റോഡ് എന്നിവയ്ക്കായി 100 കോടി രൂപ വകയിരുത്തി. കൂടാതെ ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കുകയും ഗവ. എഞ്ചിനീയറിംഗ് കോളേജിന് (ഇഋഠ) സര്‍വ്വകലാശാലയുടെ 'കോണ്‍സ്റ്റിറ്റിയൂവന്റ് കോളേജ്' പദവി നല്‍കുകയും ചെയ്യും.
കൊല്ലം: ഈ ജില്ലയെ ധാതു സംസ്‌കരണത്തിന്റെയും അപൂര്‍വ്വ ധാതുക്കളുടെയും കേന്ദ്രമാക്കും. കൊല്ലം തുറമുഖ വികസനത്തോടൊപ്പം ചിന്നക്കടയില്‍ സ്‌കൈ വാക്ക്, അര്‍ബന്‍ പാര്‍ക്ക് എന്നിവയ്ക്കായി 5 കോടി രൂപ നീക്കിവെച്ചു. കോട്ടങ്കരയില്‍ ആധുനിക കോഴിമാംസ പ്രോസസിംഗ് പ്ലാന്റും പെറ്റ് ഫുഡ് ഫാക്ടറിയും സ്ഥാപിക്കും.
ആലപ്പുഴ: ഇന്ത്യയുടെ ബ്ലൂ ഇക്കണോമി തലസ്ഥാനമായി ആലപ്പുഴയെ വികസിപ്പിക്കും. ഹരിപ്പാട് പുതിയ മെഡിക്കല്‍ കോളേജിനായി 100 കോടി രൂപ വകയിരുത്തി. തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്യൂട്ട് നടപ്പിലാക്കാനും പാതിരാമണല്‍ ദ്വീപ് വികസനത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും തീരുമാനമുണ്ട്.
എറണാകുളം: കൊച്ചിയില്‍ ജെ.സി. ഡാനിയേല്‍ ഇന്റര്‍നാഷണല്‍ ഫിലിം സിറ്റി സ്ഥാപിക്കാന്‍ 100 കോടി രൂപ അനുവദിച്ചു. കൊച്ചി-ആലുവ-പെരുമ്പാവൂര്‍ ബെല്‍റ്റിനെ ഗ്ലോബല്‍ ഫര്‍ണിച്ചര്‍ ഹബ്ബാക്കും. ആര്‍ബിട്രേഷന്‍ കോടതി, ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, ഗോശ്രീ-ബോള്‍ഗാട്ടി സമാന്തര പാലം എന്നിവയും എറണാകുളം മെഡിക്കല്‍ കോളേജ് നവീകരണവും ഇതിലുള്‍പ്പെടുന്നു.
തൃശ്ശൂര്‍: കൊച്ചി-തൃശ്ശൂര്‍ ബെല്‍റ്റിനെ ആഭരണ നിര്‍മ്മാണ ഇടനാഴിയാക്കും. ജോണ്‍സണ്‍ മ്യൂസിക് അക്കാദമിക്ക് 5 കോടി രൂപയും തേക്കിന്‍കാട് മൈതാനം നവീകരണത്തിന് 10 കോടി രൂപയും അനുവദിച്ചു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിന് സര്‍വ്വകലാശാലയുടെ 'കോണ്‍സ്റ്റിറ്റിയൂവന്റ് കോളേജ്' പദവി നല്‍കും.
കോഴിക്കോട്: എം.ടി. വാസുദേവന്‍ നായര്‍ കള്‍ച്ചറല്‍ പാര്‍ക്കിനായി 50 കോടി രൂപ വകയിരുത്തി. ലൈറ്റ് മെട്രോ പദ്ധതി നടപ്പിലാക്കും. സൈബര്‍ പാര്‍ക്കിനെ ഇന്‍ഫോപാര്‍ക്ക് നിലവാരത്തിലേക്ക് ഉയര്‍ത്തുകയും ഉരുള്‍പൊട്ടല്‍ ബാധിച്ച വിളങ്ങാടിനായി 5 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു.
മലപ്പുറം: മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തും (5 കോടി രൂപ). ആധുനിക കാന്‍സര്‍ സെന്ററിനായി 10 കോടി രൂപ നീക്കിവെച്ചു. പൊന്നാനിയില്‍ മലബാര്‍ തിണ്ടീസ് കള്‍ച്ചറല്‍ ബിനാലെ സംഘടിപ്പിക്കാനും തീരസംരക്ഷണത്തിനുമായി 3 കോടി രൂപ അനുവദിച്ചു.
വയനാട്: ട്രൈബല്‍ സര്‍വ്വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സ്ഥാപിക്കാന്‍ 50 കോടി രൂപ മാറ്റിവെച്ചു. ടൂറിസത്തില്‍ 'ബ്രാന്‍ഡ് വയനാട്' എന്ന ആശയം നടപ്പിലാക്കും. സുല്‍ത്താന്‍ ബത്തേരിയില്‍ ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജ് ആരംഭിക്കും.
കണ്ണൂര്‍: അഴീക്കല്‍ തുറമുഖ വികസനവും തളിപ്പറമ്പില്‍ ജയില്‍ നിര്‍മ്മാണവും നടപ്പിലാക്കും. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് മിനി സിവില്‍ സ്റ്റേഷനും മെഡിക്കല്‍ കോളേജ് വികസനവും. ഇടുക്കിയില്‍ മെഡിക്കല്‍ കോളേജ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും, മൂന്നാറില്‍ 'ഗ്രീന്‍ മാര്‍ഷല്‍സ്' പദ്ധതി. പാലക്കാട്: ഒറ്റപ്പാലത്ത് കോടതി സമുച്ചയവും തൃത്താലയില്‍ കെ.ആര്‍. നാരായണന്‍ സിവില്‍ സര്‍വീസ് അക്കാദമിയും.പത്തനംതിട്ട: പുതിയ ജയില്‍ നിര്‍മ്മാണവും ടൗണ്‍ റിംഗ് റോഡും. കോട്ടയം: സ്‌കൈ വാക്ക് പ്രവൃത്തികള്‍ പുനരാരംഭിക്കും.
Comments ()