കേരളത്തിന് പുതിയ ചീഫ് ഇലക്ടറൽ ഓഫീസർ; ഡോ. ഡി. സജിത്ത് ബാബുവിന് ചുമതല

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു ഡോ. സജിത്ത് ബാബു. ഭരണരംഗത്ത് വിവിധ പ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം കാസർകോട് ജില്ലാ കലക്ടറായും ദേശീയ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കേരളത്തിന് പുതിയ ചീഫ് ഇലക്ടറൽ ഓഫീസർ; ഡോ. ഡി. സജിത്ത് ബാബുവിന് ചുമതല

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ചീഫ് ഇലക്ടറൽ ഓഫീസറായി ഡോ. ഡി. സജിത്ത് ബാബുവിനെ നിയമിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരത്തോടെയാണ് നിയമനം. നിലവിലെ ചീഫ് ഇലക്ടറൽ ഓഫീസറായിരുന്ന ഡോ. രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം.

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്പെഷ്യൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു ഡോ. സജിത്ത് ബാബു. ഭരണരംഗത്ത് വിവിധ പ്രധാന ചുമതലകൾ വഹിച്ചിട്ടുള്ള അദ്ദേഹം കാസർകോട് ജില്ലാ കലക്ടറായും ദേശീയ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സപ്ലൈകോ കമ്മീഷണർ, മൃഗസംരക്ഷണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, സഹകരണ സംഘം രജിസ്ട്രാർ തുടങ്ങിയ പദവികളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

കാർഷിക ശാസ്ത്രത്തിൽ ഡോക്ടറേറ്റുള്ള ഡോ. സജിത്ത് ബാബു 2010ൽ കേരള കാർഷിക സർവകലാശാലയിൽ നിന്നാണ് അഗ്രോണമിയിൽ പിഎച്ച്ഡി നേടിയത്. തിരുവനന്തപുരം സ്വദേശിയാണ്.

കോവിഡ് കാലത്ത് കാസർകോട് ജില്ലാ കലക്ടറായിരിക്കെ നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധ നേടിയിരുന്നു. മികച്ച ഭരണനിർവഹണത്തിനുള്ള പ്രധാനമന്ത്രിയുടെ മികച്ച കലക്ടർ പുരസ്കാരത്തിന്റെ അന്തിമ പട്ടികയിലും അദ്ദേഹം ഇടം നേടിയിരുന്നു.

പുതിയ ചുമതലയോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ മേൽനോട്ടവും ഏകോപനവും ഇനി ഡോ. ഡി. സജിത്ത് ബാബുവിന്റെ നേതൃത്വത്തിലായിരിക്കും.