വാഹന മോഡിഫിക്കേഷന് നിയന്ത്രണം കടുപ്പിക്കണം; നിയമലംഘനങ്ങൾക്ക് പ്രത്യേകം പിഴ ഈടാക്കണമെന്ന് ഹൈക്കോടതി
അനധികൃതമായി ഘടിപ്പിക്കുന്ന ലൈറ്റുകൾ, വീതികൂടിയ ടയറുകൾ, അമിത ശബ്ദമുണ്ടാക്കുന്ന പുകക്കുഴലുകൾ തുടങ്ങിയവക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അനുവദനീയമായ എണ്ണത്തിൽ കൂടുതലായി വാഹനങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കാൻ പാടില്ലെന്നും നിർദേശിച്ചു.
കൊച്ചി: റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള വാഹന മോഡിഫിക്കേഷനുകൾക്കെതിരെ നടപടികൾ ശക്തമാക്കണമെന്ന് കേരള ഹൈക്കോടതി. ഒരു വാഹനത്തിൽ ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ ലംഘനത്തിനും പ്രത്യേകം പിഴ ചുമത്തണമെന്നാണ് കോടതിയുടെ നിർദേശം.
അനധികൃതമായി ഘടിപ്പിക്കുന്ന ലൈറ്റുകൾ, വീതികൂടിയ ടയറുകൾ, അമിത ശബ്ദമുണ്ടാക്കുന്ന പുകക്കുഴലുകൾ തുടങ്ങിയവക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അനുവദനീയമായ എണ്ണത്തിൽ കൂടുതലായി വാഹനങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കാൻ പാടില്ലെന്നും നിർദേശിച്ചു.
അമിത പ്രകാശമുള്ള എൽഇഡി ലൈറ്റുകളും വിവിധ നിറങ്ങളിലുള്ള ലൈറ്റുകളും റോഡിലെ മറ്റ് വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് അപകടം സൃഷ്ടിക്കുമെന്ന് കോടതി നിരീക്ഷിച്ചു. തീയും വലിയ ശബ്ദവും ഉണ്ടാക്കുന്ന തരത്തിലുള്ള പുകക്കുഴലുകളും അപകട സാധ്യത വർധിപ്പിക്കുന്നതിനാൽ ഇത്തരം മാറ്റങ്ങൾ നിയന്ത്രിക്കണമെന്നും കോടതി പറഞ്ഞു.
ആറ് ലൈറ്റുകൾ, പിഴ 5,000 രൂപ
വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട ഒരു കേസിന്റെ പരിഗണനയ്ക്കിടെയാണ് ഹൈക്കോടതിയുടെ നിർദേശങ്ങൾ. ഒരു ഥാർ വാഹനത്തിൽ ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചതായി ട്രാൻസ്പോർട്ട് കമ്മീഷണറുടെ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഇതിന് 5,000 രൂപയും പിയുസി സംബന്ധമായ നിയമലംഘനത്തിന് 2,000 രൂപയും പിഴ ചുമത്തിയിരുന്നു.
എന്നാൽ ആറ് അനധികൃത ലൈറ്റുകൾക്ക് ഒരുമിച്ച് 5,000 രൂപ മാത്രം പിഴ ചുമത്തിയതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഓരോ നിയമലംഘനത്തിനും പ്രത്യേകം പിഴ ഈടാക്കേണ്ടതുണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.
പ്രളയ രക്ഷാപ്രവർത്തനത്തിനായി ഉപയോഗിച്ച വാഹനത്തിന് പിഴ ചുമത്തിയതിന്റെ പേരിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ, അതിന്റെ പേരിൽ പിഴ കുറയ്ക്കുന്നത് ശരിയായ നടപടിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
റോഡ് സുരക്ഷയ്ക്ക് അപകടകരമായ എല്ലാ തരത്തിലുള്ള വാഹന മോഡിഫിക്കേഷനുകൾക്കെതിരെയും പൊലീസും മോട്ടോർ വാഹന വകുപ്പും ശക്തമായ നടപടി സ്വീകരിക്കണം. സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അടുത്ത മാസം ഏഴിന് കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
Comments ()