ഒക്ടോബർ 28 മുതൽ നവംബർ 1 വരെ ചൂട് കൂടാൻ സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു

ഒക്ടോബർ 28 മുതൽ നവംബർ 1 വരെ ചൂട് കൂടാൻ സാധ്യത; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനില ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. ഒക്ടോബർ 28 മുതൽ നവംബർ 1 വരെ ചിലയിടങ്ങളിൽ സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

പകൽ 11 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കാനും അയഞ്ഞതും ഇളംനിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും നിർദേശമുണ്ട്. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ പാദരക്ഷകളോ ഉപയോഗിക്കണം. പഴങ്ങൾ, പച്ചക്കറികൾ, സംഭാരം, ഒആർഎസ് ലായനി എന്നിവയും ആവശ്യാനുസരണം ഉപയോഗിക്കാം. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ തണലിലേക്ക് മാറി വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും വേണം.

കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. സ്കൂളുകളിൽ കുടിവെള്ളവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കണം. വെയിൽ ശക്തമായ സമയത്തെ അസംബ്ലികളും പൊതുപരിപാടികളും ഒഴിവാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ ചെയ്യണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, ഓൺലൈൻ ഭക്ഷണവിതരണ ജീവനക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും ആവശ്യമായ ഇടവേളകൾ എടുക്കുകയും വേണം.

ചൂട് വർധിക്കുന്നതോടെ മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തീപിടിത്തസാധ്യത ഉയരാമെന്നും അതിനാൽ സുരക്ഷാ പരിശോധനകളും മുൻകരുതലുകളും ശക്തമാക്കണമെന്നും നിർദേശമുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും കാട്ടുതീ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം. പൊതുപരിപാടികളിൽ കുടിവെള്ളവും തണലും ഉറപ്പാക്കണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ തനിച്ചാക്കി പോകരുത്. ജലം പാഴാക്കാതെ ഉപയോഗിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു.