സിഗരറ്റ് കത്തിക്കുന്നതിനിടെ വീടിന് തീപിടിത്തം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 38കാരൻ മരിച്ചു
സിഗരറ്റ് കത്തിക്കുന്നതിനിടെ തീപ്പൊരി വീണതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയവും ഉയർന്നതോടെ അന്വേഷണം തുടരുകയാണ്
തിരുവനന്തപുരം: മൺവിളയിൽ വീടിനുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പോട്ടൂർ സ്വദേശിയായ സുജിത്ത് (38) ആണ് മരിച്ചത്. സിഗരറ്റ് കത്തിക്കുന്നതിനിടെ തീപ്പൊരി വീണതാകാം അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയവും ഉയർന്നതോടെ അന്വേഷണം തുടരുകയാണ്.
ഇരുനില വീട്ടിന്റെ മുകളിലത്തെ നിലയിലായിരുന്നു സുജിത്ത് ഭാര്യയ്ക്കും മകൾക്കുമൊപ്പം താമസിച്ചിരുന്നത്. അമ്മയും സഹോദരനും താഴത്തെ നിലയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2.15ഓടെയാണ് വീട്ടിൽ തീപിടിത്തമുണ്ടായത്. മുകളിലത്തെ നിലയിൽനിന്ന് പുറത്തേക്ക് ഇറങ്ങാൻ ഒരേയൊരു വഴിയുണ്ടായിരുന്നതിനാൽ തീ പടർന്നപ്പോൾ സുജിത്തിന് രക്ഷപ്പെടാൻ ബുദ്ധിമുട്ടുണ്ടായെന്നാണ് വിവരം. രക്ഷതേടി ബാത്ത്റൂമിൽ കയറി വാതിലടച്ച സുജിത്ത് അവിടെ കുടുങ്ങിപ്പോയതായാണ് ലഭിക്കുന്ന സൂചനകൾ.
വിവരമറിഞ്ഞ് കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ച് സുജിത്തിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. സിഗരറ്റിന്റെ തീപ്പൊരിയിൽനിന്നാണ് തീ പടർന്നതെന്ന പ്രാഥമിക നിഗമനമുണ്ടെങ്കിലും, വീടിന്റെ ഒരു നില മുഴുവൻ കത്തിനശിച്ച സാഹചര്യത്തിൽ കൂടുതൽ വ്യക്തത തേടുകയാണ് അന്വേഷണസംഘം. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Comments ()