വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു; മഴയില്ലെങ്കിൽ നിയന്ത്രണം കൂടുതൽ കടുപ്പിക്കും
സെപ്റ്റംബറിലെ വൈദ്യുതി ഉപഭോഗം ഇതിനകം റെക്കോഡ് നിലയിലെത്തി. ശനിയാഴ്ച മാത്രം 9.63 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഏപ്രിലിലെ കൊടുംചൂടുകാലത്ത് രേഖപ്പെടുത്തുന്ന തോതിലുള്ള ഉപഭോഗമാണ് ഇപ്പോൾ സെപ്റ്റംബറിലും ഉണ്ടായിരിക്കുന്നത്
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായാൽ നിയന്ത്രണത്തിന്റെ ദൈർഘ്യം വീണ്ടും കൂട്ടേണ്ടിവരുമെന്ന് സൂചന. നിലവിൽ രണ്ട് ഘട്ടങ്ങളിലായി 25 മിനിറ്റ് വീതം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന സാഹചര്യമാണ്. മഴ ലഭിക്കാതിരിക്കുകയും ഉപഭോഗം ഉയർന്ന നിലയിൽ തുടരുകയും ചെയ്താൽ മൂന്നാമതൊരു നിയന്ത്രണം കൂടി ഏർപ്പെടുത്തേണ്ടി വന്നേക്കും. അങ്ങനെ വന്നാൽ ഒരു ദിവസം വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്ന ആകെ സമയം ഒന്നേകാൽ മണിക്കൂറായി ഉയരും.
സെപ്റ്റംബറിലെ വൈദ്യുതി ഉപഭോഗം ഇതിനകം റെക്കോഡ് നിലയിലെത്തി. ശനിയാഴ്ച മാത്രം 9.63 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചത്. ഏപ്രിലിലെ കൊടുംചൂടുകാലത്ത് രേഖപ്പെടുത്തുന്ന തോതിലുള്ള ഉപഭോഗമാണ് ഇപ്പോൾ സെപ്റ്റംബറിലും ഉണ്ടായിരിക്കുന്നത്. ആവശ്യകത കുറയാത്ത പക്ഷം പ്രതിസന്ധി മറികടക്കാൻ നിയന്ത്രണം ശക്തമാക്കേണ്ട സാഹചര്യമാണുള്ളത്.
അതിനിടെ, മധ്യപ്രദേശിൽനിന്ന് ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും കഴിഞ്ഞ രണ്ട് ദിവസമായി കേരളത്തിന് ലഭിച്ചില്ല. സംസ്ഥാനത്ത് അധിക വൈദ്യുതി ലഭ്യമാണെങ്കിൽ മാത്രം നൽകാമെന്ന വ്യവസ്ഥയോടെയാണ് കരാർ. സെപ്റ്റംബറിലെ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനുള്ള കമ്പനികളുടെ കരാറിനും റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയിട്ടില്ല. രാത്രിയിലെ വൈദ്യുതി ക്ഷാമത്തിന് ഇത് കാര്യമായ പരിഹാരമാകില്ലെന്ന വിലയിരുത്തലാണ് തീരുമാനത്തിന് പിന്നിൽ.
രാജ്യത്താകെ വൈദ്യുതി ആവശ്യകത ഉയരുന്നതും കേരളത്തിന്റെ പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തെ പീക്ക് ഡിമാൻഡ് 2.67 ലക്ഷം മെഗാവാട്ടിലെത്തി; കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2.32 ലക്ഷം മെഗാവാട്ടായിരുന്നു. ഗ്രിഡ് ഇന്ത്യയുടെ കണക്കനുസരിച്ച് 639 മെഗാവാട്ടിന്റെ കുറവുമായി വൈദ്യുതി ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്താണ്. തമിഴ്നാടാണ് മുന്നിൽ.
ഉത്തരേന്ത്യയിലെ നവരാത്രി, ദീപാവലി ആഘോഷങ്ങളോടെ വരും ദിവസങ്ങളിൽ വൈദ്യുതി ഉപയോഗം വീണ്ടും ഉയരുമെന്നാണ് വിലയിരുത്തൽ. ഇതോടെ ഒക്ടോബർ പകുതിയോടെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിലും ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ രാത്രിയിലെ പീക്ക് ഡിമാൻഡും കുതിച്ചുയരുകയാണ്. വ്യാഴാഴ്ച ഇത് 5045 മെഗാവാട്ടായി; കഴിഞ്ഞ വർഷം ഇതേ സമയത്ത് 4443 മെഗാവാട്ടായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ പ്രതിദിന ഉപഭോഗം 8.94 കോടി യൂണിറ്റായിരുന്നത് വെള്ളിയാഴ്ച 9.63 കോടി യൂണിറ്റായും ഉയർന്നു.
Comments ()