സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; 70 ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവ് മരിച്ചു

പിറവം സ്നേഹഭവൻ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. രാത്രി 12.15നും 1.30നും ഇടയിലായിരുന്നു ആക്രമണം

സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി; 70 ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവ് മരിച്ചു

കൊച്ചി: സുഹൃത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. പിറവം കക്കാട് സ്വദേശി അരുൺ പ്രകാശ് (31) ആണ് മരിച്ചത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ നിലയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

പിറവം സ്നേഹഭവൻ റോഡിലെ കൊച്ചുപള്ളി ഗ്രൗണ്ടിന് സമീപം വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. രാത്രി 12.15നും 1.30നും ഇടയിലായിരുന്നു ആക്രമണം. വാക്കുതർക്കത്തിനിടെ ജിഷ്ണു കൈയിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കുപ്പിയിലെ പെട്രോൾ അരുണിന്റെ ദേഹത്തേക്ക് ഒഴിക്കുകയും തുടർന്ന് ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അരുണും ജിഷ്ണുവും തമ്മിലുണ്ടായ തർക്കത്തിന് പിന്നിൽ ജിഷ്ണുവിന്റെ അമ്മയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണമാണെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ജിഷ്ണുവിന്റെ അമ്മയോട് അരുൺ ഫോണിൽ സംസാരിച്ചതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിന് പിന്നാലെ ജിഷ്ണുവിനെയും മറ്റൊരു സുഹൃത്തായ ചന്ദ്രനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.