നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

അതേസമയം, വരും മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്

നാല് ജില്ലകളിൽ യെല്ലോ അലർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിനൊപ്പം തീരമേഖലകളിലും ജാഗ്രത നിർദേശം. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇടിമിന്നലോടെയുള്ള മഴയ്ക്കും ചില മേഖലകളിൽ സാധ്യതയുണ്ട്.

അതേസമയം, വരും മണിക്കൂറുകളിൽ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തൽ. 24 മണിക്കൂറിനിടെ 64.5 മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ നിരവധി തീരപ്രദേശങ്ങളിലും കടലാക്രമണ സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് ജില്ലകളിലെ തിരഞ്ഞെടുത്ത തീരങ്ങളിൽ നാളെ ഉച്ചയ്ക്ക് 2.30 വരെ 0.7 മുതൽ 1.5 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് തീരങ്ങളിലും മുന്നറിയിപ്പ് ബാധകമാണ്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

കന്യാകുമാരി തീരത്തും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. നാളെ രാവിലെ 11.30 വരെ 1.4 മുതൽ 1.7 മീറ്റർ വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.