മഴയില്ല, ചൂടും കുറയുന്നില്ല; കേരളത്തിൽ 28% മഴക്കുറവ്

47 ശതമാനം മഴക്കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇത്തവണ കേരളത്തിലെ കാലവർഷം ദുർബലമാകുന്നതിന് എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവും കാരണമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു

മഴയില്ല, ചൂടും കുറയുന്നില്ല; കേരളത്തിൽ 28% മഴക്കുറവ്

തിരുവനന്തപുരം: മഴക്കാലം അവസാനിക്കാനിരിക്കെ കേരളത്തിൽ മഴക്കുറവ് രൂക്ഷമാകുന്നു. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 17 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് സാധാരണയേക്കാൾ 28 ശതമാനം മഴ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, മഴ ലഭിക്കാത്തതിനൊപ്പം പല മേഖലകളിലും ഉയർന്ന ചൂടും തുടരുകയാണ്.

മഴക്കുറവിൽ ഏറ്റവും മുന്നിൽ വയനാടാണ്. ജില്ലയിൽ 54 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയിലും സ്ഥിതി വ്യത്യസ്തമല്ല; 47 ശതമാനം മഴക്കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇത്തവണ കേരളത്തിലെ കാലവർഷം ദുർബലമാകുന്നതിന് എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവും കാരണമായതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്താകെ മഴയുടെ വിതരണത്തിലും കുറവിലും എൽ നിനോയുടെ സ്വാധീനം തുടരുന്നതായി കാലാവസ്ഥാ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു.

മഴയുടെ കുറവിനൊപ്പം സംസ്ഥാനത്ത് ചൂടും ശക്തമാണ്. പുനലൂരിലാണ് ഇന്ന് ഉയർന്ന താപനില രേഖപ്പെടുത്തിയത്; 37 ഡിഗ്രി സെൽഷ്യസ്. തിരുവനന്തപുരം നഗരത്തിൽ 35.4 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. അതേസമയം, വരും ദിവസങ്ങളിൽ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകുന്ന പ്രവചനം. സെപ്റ്റംബർ 17 മുതൽ 22 വരെ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ മേഖലകളിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പുകൾ വ്യക്തമാക്കുന്നു.