വൈദ്യുതി പ്രതിസന്ധി രൂക്ഷം; യൂണിറ്റിന് 30 രൂപ നൽകി 300 മെഗാവാട്ട് വാങ്ങാൻ സർക്കാർ

അതിനിടെ, അധിക വൈദ്യുതി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കെഎസ്ഇബി ഡയറക്ടർമാർ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വൈദ്യുതി ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം

വൈദ്യുതി പ്രതിസന്ധി രൂക്ഷം; യൂണിറ്റിന് 30 രൂപ നൽകി 300 മെഗാവാട്ട് വാങ്ങാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ പുറത്തുനിന്ന് കൂടുതൽ വൈദ്യുതി എത്തിക്കാനുള്ള നടപടികൾ ശക്തമാക്കി സർക്കാർ. പവർകട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ നിന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനും തീരുമാനമായി. യൂണിറ്റിന് 30 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങുന്നത്. ഈ മാസം 30 വരെ 300 മെഗാവാട്ട് വൈദ്യുതി ഇത്തരത്തിൽ ലഭ്യമാക്കും.

അതിനിടെ, അധിക വൈദ്യുതി കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി കെഎസ്ഇബി ഡയറക്ടർമാർ ഇന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് തിരിക്കും. വിവിധ സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി വൈദ്യുതി ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം. മധ്യപ്രദേശിൽ നിന്ന് വായ്പ അടിസ്ഥാനത്തിൽ ലഭിക്കേണ്ട 200 മെഗാവാട്ട് വൈദ്യുതി ഇതുവരെ ലഭ്യമാകാത്തതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുണ്ട്.

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിലും വലിയ വർധനയാണ് ഇത്തവണ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 1,000 മെഗാവാട്ടിന്റെ അധിക ഉപയോഗമാണ് നിലവിലുള്ളത്. എന്നാൽ ആവശ്യത്തിനനുസരിച്ചുള്ള ആഭ്യന്തര ഉൽപ്പാദനം വർധിച്ചിട്ടില്ല. ഇതോടെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ആശ്രയിക്കേണ്ട സാഹചര്യം ശക്തമാകുകയാണ്.

വൈദ്യുതി കൂടുതൽ വിലകൊടുത്ത് വാങ്ങേണ്ടിവന്നാലും പ്രതിസന്ധി ഒഴിവാക്കാനുള്ള സാധ്യതകൾ പരിഗണിക്കുമെന്ന് മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തിന് പുതിയ വൈദ്യുതി നയം ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.