വൈദ്യുതി പ്രതിസന്ധി അവസരമാക്കി പുതിയ നയം; ഒക്ടോബറിൽ കേരളത്തിന്റെ വൈദ്യുതി നയം പുറത്തിറക്കും
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ‘കോർ റിന്യൂ എക്സ്പോ & എനർജി കോൺക്ലേവ് 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ ഒരു വർഷത്തിനിടെ 920 മെഗാവാട്ടിന്റെ വർധനയുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി
കൊച്ചി: സംസ്ഥാനത്തിന്റെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നേരിടാൻ ദീർഘകാല ഊർജ പദ്ധതികളിലേക്ക് കേരളം മാറുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലവിലെ വൈദ്യുതി പ്രതിസന്ധിയെ പ്രതിസന്ധിയായി മാത്രം കാണാതെ ഭാവിയിലേക്കുള്ള സമഗ്ര വൈദ്യുതി നയവും ഊർജ മാനേജ്മെന്റ് സംവിധാനവും രൂപപ്പെടുത്താനുള്ള അവസരമായി ഉപയോഗിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബറിൽ പുതിയ വൈദ്യുതി നയം പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന ‘കോർ റിന്യൂ എക്സ്പോ & എനർജി കോൺക്ലേവ് 2026’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വൈദ്യുതി ഉപഭോഗത്തിൽ ഒരു വർഷത്തിനിടെ 920 മെഗാവാട്ടിന്റെ വർധനയുണ്ടായതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ സെപ്റ്റംബറിൽ 4,445 മെഗാവാട്ടായിരുന്ന ഉപയോഗം ഇത്തവണ ഗണ്യമായി ഉയർന്നു. കേരളം നിലവിൽ ആവശ്യമായ വൈദ്യുതിയുടെ 15 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നത്. ശേഷിക്കുന്ന വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവരുന്നതിനാൽ സാമ്പത്തിക ബാധ്യതയും വർധിക്കുകയാണ്. ഏകദേശം 13,000 കോടി രൂപയായ വൈദ്യുതി വാങ്ങൽ ചെലവ് ഈ വർഷം 16,000 കോടി രൂപയ്ക്ക് മുകളിലെത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രപരവും ജനസാന്ദ്രതയുമായി ബന്ധപ്പെട്ടതുമായ പരിമിതികൾ കണക്കിലെടുത്ത് പുനരുപയോഗ ഊർജസ്രോതസ്സുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജലവൈദ്യുത പദ്ധതികളിലുള്ള അമിത ആശ്രയം, സൈലന്റ് വാലി, നർമ്മദ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട പാരിസ്ഥിതിക-പുനരധിവാസ പ്രശ്നങ്ങൾ, താപവൈദ്യുത പദ്ധതികൾക്കുള്ള ഭൂമിയുടെ പരിമിതി, കൂടംകുളം, ചീമേനി എന്നിവിടങ്ങളിലെ ആണവ പദ്ധതികൾക്കെതിരായ പ്രതിഷേധങ്ങൾ എന്നിവയും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാല വൈദ്യുതി വാങ്ങൽ കരാറുകളിലെയും നടപടിക്രമങ്ങളിലെയും വീഴ്ചകൾ ആവർത്തിച്ച് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ട സാഹചര്യം ഇനി ഉണ്ടാകില്ലെന്നും സതീശൻ പറഞ്ഞു.
വൈദ്യുതി മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിൽ കേരളം കൈവരിച്ച പുരോഗതിയും മുഖ്യമന്ത്രി എടുത്തുപറഞ്ഞു. പ്രസരണ നഷ്ടം എട്ട് ശതമാനത്തിൽ താഴെയാക്കാനും വൈദ്യുതി മോഷണം നിയന്ത്രിക്കാനും കഴിഞ്ഞത് നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. പകൽ സമയത്തെ വൈദ്യുതി ഉപയോഗം പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം പുരപ്പുറ സൗരോർജ പദ്ധതികൾ വ്യാപിപ്പിക്കാനും കമ്മ്യൂണിറ്റി തലത്തിൽ ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ ഒരുക്കാനും നിർദേശിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ്ങും പമ്പ് സെറ്റുകളുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുന്നതും പമ്പ്ഡ് സ്റ്റോറേജ് സംവിധാനങ്ങൾ നടപ്പാക്കുന്നതും പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് എയർകണ്ടീഷണറുകളുടെ ഉപയോഗം വർധിക്കുന്നതും സെമികണ്ടക്ടർ, കൃത്രിമബുദ്ധി തുടങ്ങിയ മേഖലകളിൽ ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന ഉയർന്ന വൈദ്യുതി ആവശ്യകതയും പുതിയ നയത്തിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സൗരോർജ മേഖലയെ സേവനമേഖലയായി മാത്രം കാണാതെ ഒരു വ്യവസായമായി വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിക്ഷേപത്തിന് തടസ്സമാകുന്ന പ്രശ്നങ്ങൾ പരിഹരിച്ച് ഈ മേഖലയിലേക്ക് കൂടുതൽ നിക്ഷേപകരെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments ()