മഴ മുന്നറിയിപ്പ് പുതുക്കി; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
നിലവിലെ സാഹചര്യത്തിൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്നും പ്രവചനമുണ്ട്.
തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഴയുടെ തീവ്രത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ രണ്ട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ടാണ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് തുടരുന്ന തീരദേശ ന്യൂനമർദ്ദ പാത്തികളും മധ്യ രാജസ്ഥാനിന് മുകളിലെ ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ പ്രധാന കാരണം. തെക്കൻ ഗുജറാത്ത് മുതൽ വടക്കൻ കേരളം വരെയും, വടക്കൻ കർണാടക മുതൽ കന്യാകുമാരി വരെയും രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദ്ദ പാത്തികൾ കേരളത്തിൽ വ്യാപക മഴയ്ക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നിലവിലെ സാഹചര്യത്തിൽ വെള്ളിയാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും വ്യാഴാഴ്ച മുതൽ വീണ്ടും മഴ ശക്തിപ്രാപിക്കുമെന്നും പ്രവചനമുണ്ട്.
നാളത്തേക്കുള്ള മുന്നറിയിപ്പിൽ തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ വീണ്ടും വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Comments ()