കൂട്ടിന് ഇനി സര്‍ക്കാരുണ്ട്: ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് താങ്ങാവാനും ഏകാന്തതയകറ്റാനും കേരളത്തിന്റെ പുതിയ പദ്ധതി
ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് കേരളം.
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ പ്രായമാകുന്ന സംസ്ഥാനമായി കേരളം മാറുമ്പോള്‍, അതിനോടുള്ള സര്‍ക്കാര്‍ പ്രതികരണം ദേശീയ ശ്രദ്ധ നേടുകയാണ്. ഒറ്റയ്ക്ക് കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ പുതിയ പദ്ധതികളുമായി മുന്നോട്ട് പോവുകയാണ് കേരളം.

സംസ്ഥാനത്തിന്റെ വയോജന പരിചരണ മാതൃക ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ നേടുന്നതിനിടെയാണ് ബിബിസി വേള്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ കേരളത്തിന്റെ ഇടപെടലുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ചതും വയോജന സമ്പദ്വ്യവസ്ഥയ്ക്കായുള്ള പ്രവര്‍ത്തനരേഖ തയ്യാറാക്കുന്നതുമാണ് ഈ മേഖലയില്‍ കേരളം സ്വീകരിച്ച പ്രധാന നടപടികള്‍.
കേരളത്തിലെ ജനസംഖ്യയുടെ ഗണ്യമായ ഭാഗം 60 വയസ്സിനു മുകളിലുള്ളവരാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2036ഓടെ കേരളത്തിലെ 22.8 ശതമാനം ജനങ്ങളും 60 വയസിന് മുകളിലുള്ളവരായിരിക്കും. ദേശീയ ശരാശരി 14.9 ശതമാനമാണെന്നത് ശ്രദ്ധേയമാണ്.

ആരോഗ്യരംഗത്തെ പുരോഗതിയും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും ഇതിന് കാരണമായപ്പോള്‍, വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കുമുള്ള കുടിയേറ്റം കാരണം നിരവധി വയോധികര്‍ ഒറ്റപ്പെട്ട ജീവിതമാണ് നയിക്കുന്നത്. കുടുംബങ്ങളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്ന പ്രവാസ വരുമാനം, സാമൂഹിക ബന്ധങ്ങളുടെയും മാനസിക പിന്തുണയുടെയും അഭാവം എന്ന വലിയ വെല്ലുവിളിയും സൃഷ്ടിക്കുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ സാഹചര്യം പരിഗണിച്ചാണ് പുതിയ സര്‍ക്കാര്‍ വയോജന ക്ഷേമ വകുപ്പ് രൂപീകരിച്ചത്. വിവിധ ക്ഷേമപദ്ധതികളെ ഏകോപിപ്പിക്കുകയും വീട്ടിലെ പരിചരണം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് വകുപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിനായി സംസ്ഥാന ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്വന്തം വീടുകളില്‍ സുരക്ഷിതമായും അന്തസോടെയും തുടരാന്‍ മുതിര്‍ന്നവരെ സഹായിക്കുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. സമൂഹാധിഷ്ഠിത പരിചരണം, സാമൂഹിക ഇടപെടലുകള്‍ക്ക് പ്രോത്സാഹനം, പരിചാരകരുടെ പരിശീലന പദ്ധതി, വയോജന പരിചരണ മേഖലയിലെ തൊഴില്‍ വികസനം, വയോജന പാര്‍ക്കുകള്‍, ഡേ കെയര്‍ കേന്ദ്രങ്ങള്‍, ഫിറ്റ്‌നസ് സൗകര്യങ്ങള്‍ എന്നിവ പദ്ധതിയുടെ ഭാഗമാണ്. വയോജന സമ്പദ്വ്യവസ്ഥയ്ക്കായുള്ള പ്രവര്‍ത്തനരേഖ തയ്യാറാക്കുന്നതിനായി സംസ്ഥാനവ്യാപക സര്‍വേയും ആരംഭിച്ചിട്ടുണ്ട്.

കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം പദ്ധതി ഈ ശ്രമങ്ങളുടെ പ്രധാന അടിത്തറയായി തുടരുന്നു. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് മൊബൈല്‍ ക്ലിനിക്കുകള്‍ മുഖേന സൗജന്യ മരുന്നുകള്‍, പാലിയേറ്റീവ് കെയര്‍, ആരോഗ്യ സഹായ സേവനങ്ങള്‍ എന്നിവ ലഭ്യമാക്കുന്ന പദ്ധതി നിലവില്‍ നഗരപ്രദേശങ്ങളില്‍ സജീവമാണ്. കൂടുതല്‍ പഞ്ചായത്തുകളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.

അതേസമയം, വയോജന സമ്പദ്വ്യവസ്ഥയെ സാമ്പത്തിക വളര്‍ച്ചയുടെ പുതിയ മേഖലയാക്കി മാറ്റാനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. വയോജന സൗഹൃദ ഉല്‍പ്പന്നങ്ങള്‍, ചലനസഹായ ഉപകരണങ്ങള്‍, പരിചരണ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍, മുതിര്‍ന്നവര്‍ക്കായുള്ള വിനോദസഞ്ചാര-ആരോഗ്യ പാക്കേജുകള്‍, സംരംഭകത്വ പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്ന വിപുലമായ പദ്ധതികളാണ് പരിഗണനയില്‍ ഉള്ളത്. എന്നാല്‍ ധനസഹായ പരിമിതികള്‍, പരിശീലനം ലഭിച്ച പരിചാരകരുടെ കുറവ്, ഗ്രാമ-നഗര വ്യത്യാസം, സ്വകാര്യ പരിചരണ മേഖലയിലെ നിയന്ത്രണങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. എന്നിരുന്നാലും, മുതിര്‍ന്ന പൗരന്മാരെ ഒരു സാമൂഹിക ബാധ്യതയായി കാണാതെ വിലപ്പെട്ട മനുഷ്യവിഭവശേഷിയായി കാണുന്ന സമീപനമാണ് കേരളത്തിന്റെ ഈ പുതിയ മാതൃകയെ വ്യത്യസ്തമാക്കുന്നത്.
Comments ()