ഒമാനിൽ നെയ്മീൻ പിടിക്കുന്നതിനും വിപണനത്തിനും രണ്ട് മാസത്തേക്ക് നിരോധനം
ഒമാനിൽ ഓഗസ്റ്റ് 15 മുതൽ രണ്ടു മാസത്തേക്ക് നെയ്മീൻ പിടിക്കുന്നതിനും വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തി.
മസ്‌കറ്റ്: ഒമാന്‍ തീരങ്ങളില്‍ നെയ്മീന്‍ (കിംഗ്ഫിഷ്) പിടിക്കുന്നതിനും കൈവശം വെക്കുന്നതിനും വിപണനം നടത്തുന്നതിനും ഭരണകൂടം ഔദ്യോഗികമായി നിരോധനം ഏര്‍പ്പെടുത്തി. കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം 2026 ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 വരെ രണ്ട് മാസത്തേക്കാണ് ഈ വിലക്ക് ബാധകമായിരിക്കുന്നത്. അക്വാട്ടിക് റിസോഴ്‌സ് നിയമത്തിലെ 178-ാം ആര്‍ട്ടിക്കിള്‍ പ്രകാരമാണ് നെയ്മീന്‍ സമ്പത്ത് സംരക്ഷിക്കാനും മത്സ്യബന്ധന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനുമായി ഈ നടപടി നടപ്പിലാക്കുന്നത്.
ഒമാന്റെ മത്സ്യബന്ധന വിപണിയില്‍ ഉയര്‍ന്ന സാമ്പത്തിക മൂല്യമുള്ള പ്രധാന മത്സ്യങ്ങളില്‍ ഒന്നാണ് നെയ്മീന്‍. 2025-ലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്തെ ആകെ നെയ്മീന്‍ ഉത്പാദനം 19,743 ടണ്ണായിരുന്നു. ഇതിന്റെ വിപണി മൂല്യം ഏകദേശം 4.44 കോടി ഒമാനി റിയാലാണ് (കിലോഗ്രാമിന് ശരാശരി 2.25 റിയാല്‍). ഇതില്‍ 83.5 ശതമാനവും അല്‍ വുസ്ത, തെക്കന്‍ അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ നിന്നാണ് ലഭിച്ചത്. അല്‍ വുസ്തയില്‍ നിന്ന് 8,241 ടണ്ണും (41.74%), തെക്കന്‍ അല്‍ ശര്‍ഖിയയില്‍ നിന്ന് 8,239 ടണ്ണും (41.73%) ഉത്പാദനം രേഖപ്പെടുത്തിയപ്പോള്‍, മറ്റു തീരദേശ ഗവര്‍ണറേറ്റുകളില്‍ നിന്ന് 3,264 ടണ്ണും (16.53%) ലഭ്യമായി.
മത്സ്യങ്ങളുടെ പ്രധാന പ്രജനനകാലം കണക്കിലെടുത്ത് വംശവര്‍ദ്ധനവ് ഉറപ്പാക്കുക, സീസണ്‍ കൃത്യമായി ക്രമീകരിക്കുക, അനധികൃത മത്സ്യബന്ധന രീതികള്‍ തടയുക എന്നിവയാണ് ഈ കര്‍ശന നിയന്ത്രണത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
Comments ()