കുടുംബത്തെ വിട്ട് പ്രവാസത്തിലെത്തിയിട്ട് പത്ത് മാസം; ഫോർക്ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവിന് ദാരുണാന്ത്യം

ദമ്മാമിന് സമീപമുള്ള ഖത്തീഫിൽ ഒരു സ്റ്റോറിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഫോർക്ക് ലിഫ്റ്റിനിടയിൽ കുടുങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷാനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു

കുടുംബത്തെ വിട്ട് പ്രവാസത്തിലെത്തിയിട്ട് പത്ത് മാസം; ഫോർക്ലിഫ്റ്റിൽ കുടുങ്ങി മലയാളി യുവാവിന് ദാരുണാന്ത്യം

റിയാദ്: സൗദി അറേബ്യയിൽ ജോലിക്കിടെ ഫോർക്ക് ലിഫ്റ്റ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവിന് ജീവൻ നഷ്ടമായി. കൊല്ലം അഞ്ചൽ ചണ്ണപ്പേട്ട സ്വദേശി ഷാനി ബേബി (42) ആണ് ഖത്തീഫിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

ദമ്മാമിന് സമീപമുള്ള ഖത്തീഫിൽ ഒരു സ്റ്റോറിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഫോർക്ക് ലിഫ്റ്റിനിടയിൽ കുടുങ്ങിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷാനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്.

ഏകദേശം പത്ത് മാസം മുമ്പാണ് ഷാനി തൊഴിൽ തേടി സൗദി അറേബ്യയിലെത്തിയത്. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. മരണാനന്തര നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരായ നാസ് വക്കം, മൻസൂർ നൈന, സലീം പട്ടാമ്പി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.