സൗദി വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ: ഒക്ടോബർ 20 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായും റീഫണ്ട് നൽകുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

സൗദി വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികൾ: ഒക്ടോബർ 20 വരെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: ഹൂതി വിമതരുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള സർവീസുകളാണ് പൂർണ്ണമായും റദ്ദാക്കിയത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

വ്യോമപാതയിലെയും സൗദിയിലെയും സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് സർവീസുകൾ പുനരാരംഭിക്കുമെന്നും എയർ ഇന്ത്യ എക്സിലൂടെ (X) അറിയിച്ചു. സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രാ തടസ്സം നേരിട്ട യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായും റീഫണ്ട് നൽകും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്നും എയർ ഇന്ത്യ കൂട്ടിച്ചേർത്തു.