മാസം വരുമാനം മൂന്ന് ലക്ഷം വരെ; കോവളം സ്പാ പീഡനക്കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ മായയുടെ പങ്ക് പുറത്ത്

അറസ്റ്റിലായ ജോയിൻ്റ് ഹെൽത്ത് ഇൻസ്പെക്ടർ മായ സ്പാകളുടെ നടത്തിപ്പുകാരിയെന്ന് കണ്ടെത്തൽ.

മാസം വരുമാനം മൂന്ന് ലക്ഷം വരെ; കോവളം സ്പാ പീഡനക്കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ മായയുടെ പങ്ക് പുറത്ത്

തിരുവനന്തപുരം: കോവളം സ്പാ പീഡനക്കേസിൽ അറസ്റ്റിലായ താൽക്കാലിക വനിതാ ഹെൽത്ത് ഇൻസ്പെക്ടർ വി. സി. മായയാണ് മൂന്ന് സ്പാകളുടെയും പ്രധാന നടത്തിപ്പുകാരിയായി പ്രവർത്തിച്ചിരുന്നതെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. നഗരൂർ പഞ്ചായത്തിൽ ജോയിൻ്റ് ഹെൽത്ത് ഇൻസ്പെക്ടറായി താൽക്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു മായ.

മുമ്പ് അറസ്റ്റിലായ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിന്റെ ബിനാമിയായാണ് മായ സ്പാകളുടെ മേൽനോട്ടം വഹിച്ചിരുന്നത്. കേസിൽ ഉൾപ്പെട്ട മൂന്ന് സ്പാകളിൽ നിന്നുള്ള വരുമാനം മുഴുവൻ മായയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയിരുന്നത്. ഈ തുക പിന്നീട് അനുരൂപിന് കൈമാറുന്നതായിരുന്നു ഇവരുടെ രീതി. മാസംതോറും മൂന്ന് ലക്ഷം രൂപ വരെ ഈ സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കുന്നു. കോളേജ് പഠനകാലത്ത് അനുരൂപിന്റെ സീനിയറായിരുന്നു മായ.

പീഡനത്തിനിരയായ 16 വയസ്സുള്ള ആന്ധ്രാപ്രദേശ് സ്വദേശിനിയായ പെൺകുട്ടിയെ സ്പായിൽ ജോലിക്ക് എത്തിച്ചപ്പോൾ മായ തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ എത്തിച്ചാൽ ബിസിനസ് കൂടുതൽ മെച്ചപ്പെടുമെന്ന് മറ്റ് പ്രതികൾ ബോധ്യപ്പെടുത്തിയതോടെ മായ ഇതിന് സമ്മതിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികചൂഷണത്തിന് ഇരയാക്കിയ കേസിൽ പ്രത്യേക അന്വേഷണ സംഘമാണ് മായയെ അറസ്റ്റ് ചെയ്തത്. മായയുടെയും അനുരൂപിന്റെയും പണം ഉപയോഗിച്ചാണ് സ്പാകൾ ആരംഭിച്ചതെന്ന് കേസിൽ നേരത്തെ പിടിയിലായ സ്പാ ഉടമ നിശാന്ത് മൊഴി നൽകിയിരുന്നു. പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും ഉൾപ്പെടെ ഇതുവരെ അഞ്ചുപേർ കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രതികളായ പെൺകുട്ടിയുടെ ബന്ധുക്കളെ തെളിവെടുപ്പിനായി ഇന്ന് സ്പായിൽ എത്തിക്കും.