സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം; കർശന സ്വയംനിയന്ത്രണത്തിന് KSEB നിർദേശം
സര്ക്കാര് ഓഫീസുകളില് വൈദ്യുതി ഉപഭോഗം കുറയ്ക്കണമെന്നും നിര്ദേശം
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് ഉയർന്ന സാഹചര്യത്തിൽ, വൈകീട്ടത്തെ പീക്ക് സമയങ്ങളിൽ കർശന വൈദ്യുതി നിയന്ത്രണം പാലിക്കാൻ കെ.എസ്.ഇ.ബി. നിർദേശം നൽകി. സർക്കാർ ഓഫീസുകളിൽ എ.സിയുടെ താപനില 25 ഡിഗ്രി സെൽഷ്യസിന് മുകളിലായി ക്രമീകരിക്കാനും അനാവശ്യ ദീപാലങ്കാരങ്ങൾ ഒഴിവാക്കാനും നിർദേശമുണ്ട്.
വാട്ടർ അതോറിറ്റിയുടെ പമ്പിങ് പ്രവർത്തനങ്ങളും കൂടുതൽ ഊർജ്ജം ആവശ്യമായ വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും പകൽസമയത്തേക്ക് മാറ്റാനും ഉത്തരവിട്ടിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിൻ്റെ ഭാഗമായി 'വേ ഗ്ലോബൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയിൽ നിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് അധിക വൈദ്യുതി അടുത്ത മാസം 31 വരെ ലഭ്യമാക്കും.
വൈകീട്ട് 6 മുതൽ രാത്രി 12 വരെയുള്ള പീക്ക് സമയങ്ങളിലാണ് ഈ വൈദ്യുതി ലഭിക്കുക. എൽ നിനോ പ്രതിഭാസം മൂലമുണ്ടായ മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും കാരണം മുൻ വർഷങ്ങളിലെ സെപ്റ്റംബർ മാസത്തെ അപേക്ഷിച്ച് 1200 മെഗാവാട്ട് അധിക ഡിമാൻഡാണ് നിലവിലുള്ളത്. ഇതിനുപുറമേ, ദേശീയതലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ ചൂണ്ടിക്കാണിച്ച 12,000 മെഗാവാട്ടിന്റെ ക്ഷാമവും, കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിലെ ഇടിവും, പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറയുന്നതും നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ വ്യാപ്തി വർധിപ്പിക്കുന്നു.
Comments ()