ഫോണിൽ വാട്സാപ്പുണ്ടോ? എങ്കിൽ ടിക്കറ്റെടുക്കാം! കെഎസ്ആർടിസിയുടെ എഐ ടിക്കറ്റിങ് നാളെ മുതൽ

യാത്രക്കാര്‍ക്ക് കൂടുതല്‍ വേഗത്തിലും ലളിതമായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും.

ഫോണിൽ വാട്സാപ്പുണ്ടോ? എങ്കിൽ ടിക്കറ്റെടുക്കാം! കെഎസ്ആർടിസിയുടെ എഐ ടിക്കറ്റിങ് നാളെ മുതൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഡിജിറ്റല്‍ യാത്രാസേവനങ്ങളുടെ ഭാഗമായി എഐ പവേര്‍ഡ് വാട്‌സാപ്പ് ടിക്കറ്റിങ് സംവിധാനം നാളെ (ഓഗസ്റ്റ് 6) മുതല്‍ നിലവില്‍ വരും. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ രാവിലെ 11-ന് നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ വേഗത്തിലും ലളിതമായും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ഈ സംവിധാനം സഹായിക്കും.

ചടങ്ങില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജീവനക്കാര്‍ക്കും യൂണിറ്റുകള്‍ക്കുമുള്ള സംസ്ഥാനതല അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്യും. ഇതിനൊപ്പം കെഎസ്ആര്‍ടിസിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന '149' കസ്റ്റമര്‍ കെയര്‍ ടോള്‍ ഫ്രീ സേവനത്തിന്റെയും നവീകരിച്ച കൊറിയര്‍ സംവിധാനത്തിന്റെയും ഉദ്ഘാടനവും നടക്കും.

ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഗതാഗത സെക്രട്ടറി ടി.വി. അനുപമ സ്വാഗതവും കെഎസ്ആര്‍ടിസി സിഎംഡി പ്രമോജ് ശങ്കര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരണവും നടത്തും.

അതേസമയം, സ്ത്രീസ്ത്രീകളെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശത്തില്‍ ഗതാഗത മന്ത്രി സി.പി. ജോണ്‍ ഖേദം പ്രകടിപ്പിച്ചു. ആരെയും അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

'പറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമായിരുന്നു. പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതിനായി ആരോടും ഖേദപ്രകടനം നടത്താന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ല,' മന്ത്രി വ്യക്തമാക്കി.

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ തിക്കിത്തിരക്കി കയറുന്നുവെന്നും മക്കളെ സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിക്കുന്നുവെന്നുമുള്ള മന്ത്രിയുടെ പ്രസ്താവന വന്‍ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്നാണ് മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.