ശബരിമല സീസൺ: പമ്പയിലേക്ക് പ്രത്യേക സർവീസുകൾ; ഓൺലൈൻ ബുക്കിങ്ങിനും സൗകര്യം
നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിൽനിന്ന് പമ്പയിലേക്ക് സർവീസുകൾ ക്രമീകരിക്കും
തിരുവനന്തപുരം: ശബരിമല മണ്ഡലപൂജ, മകരവിളക്ക് തീർഥാടനത്തോടനുബന്ധിച്ച് യാത്രാസൗകര്യങ്ങൾ വിപുലീകരിക്കാൻ കെഎസ്ആർടിസി. മണ്ഡലപൂജാ സമയത്ത് 461 ബസുകളും മകരവിളക്ക് കാലത്ത് 561 ബസുകളും ആദ്യഘട്ടത്തിൽ സർവീസ് നടത്തും. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കാനും ലീസ് അടിസ്ഥാനത്തിൽ വാഹനങ്ങൾ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പമ്പ–നിലയ്ക്കൽ ചെയിൻ സർവീസുകൾക്ക് പുറമെ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിൽനിന്നും പ്രത്യേക സർവീസുകൾ ഉണ്ടാകും.
നിലയ്ക്കൽ, ചെങ്ങന്നൂർ, കോട്ടയം, പത്തനംതിട്ട, എരുമേലി, തിരുവനന്തപുരം, എറണാകുളം, കുമളി, കൊട്ടാരക്കര, പുനലൂർ, അടൂർ, തൃശൂർ, ഗുരുവായൂർ, കായംകുളം എന്നിവിടങ്ങളിൽനിന്ന് പമ്പയിലേക്ക് സർവീസുകൾ ക്രമീകരിക്കും. നിലയ്ക്കലിൽ മണ്ഡലപൂജാ സമയത്ത് 180 ബസുകളും മകരവിളക്കിന് 220 ബസുകളും വിന്യസിക്കും. ചെങ്ങന്നൂരിൽ യഥാക്രമം 60, 80 ബസുകളും കോട്ടയത്ത് 50, 60 ബസുകളും ഒരുക്കും.
കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ മുഖേന ശബരിമലയിലേക്ക് ചാർട്ടേഡ് സർവീസുകളും ഓൺലൈൻ റിസർവേഷൻ സംവിധാനവും ഒരുക്കും. വിവിധ ഡിപ്പോകൾക്ക് സമീപമുള്ള ക്ഷേത്രങ്ങളിൽനിന്ന് ആവശ്യാനുസരണം പമ്പയിലേക്ക് പ്രത്യേക യാത്രകൾ ക്രമീകരിക്കും. തീർഥാടകർക്ക് വിശ്രമിക്കാനും വിരിവയ്ക്കാനും സൗകര്യമുള്ള 70-ലധികം ക്ഷേത്രങ്ങളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സർവീസുകളുടെ നടത്തിപ്പിനായി രണ്ട് ഘട്ടങ്ങളിലായി പമ്പയിലും നിലയ്ക്കലിലും ജീവനക്കാരെ നിയോഗിക്കും. മണ്ഡലപൂജാ സമയത്ത് 678 പേരും മകരവിളക്ക് ഘട്ടത്തിൽ 778 പേരും ചുമതലയിലുണ്ടാകും. തിരക്ക് നിയന്ത്രിക്കൽ, ബസ് പാർക്കിങ്, ഗതാഗത ഏകോപനം, സുരക്ഷ, ശുചിത്വം എന്നിവയ്ക്കും പ്രത്യേക പരിഗണന നൽകും. യാത്രക്കാരുടെ വരവും മടക്കയാത്രയും വിലയിരുത്തി ആവശ്യാനുസരണം അധിക ബസുകൾ വിന്യസിക്കുന്നതിനൊപ്പം പമ്പ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ഏകോപനവും ശക്തമാക്കും.
Comments ()