'പത്തു വർഷം ഞാനും കല്ലെറിഞ്ഞു';ആരോഗ്യവകുപ്പിനെ വിമർശിച്ചിരുന്ന കാലം ഓർത്തെടുത്ത് മന്ത്രി കെ മുരളീധരൻ
വിമർശനം ഉന്നയിക്കുന്നവർക്ക് അത് എളുപ്പമാണെന്നും എന്നാൽ വിമർശനങ്ങൾ സ്വന്തം നേരെ വരുമ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലാകുന്നതെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം: ആരോഗ്യവകുപ്പിനെ വർഷങ്ങളോളം വിമർശിച്ചിരുന്ന തനിക്ക്, അതേ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതോടെയാണ് വിമർശനങ്ങൾ നേരിടുന്നതിന്റെ ബുദ്ധിമുട്ട് നേരിട്ട് ബോധ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് യുവ ഡോക്ടർമാരോട് തന്റെ അനുഭവം അദ്ദേഹം പങ്കുവെച്ചത്.
വിമർശനം ഉന്നയിക്കുന്നവർക്ക് അത് എളുപ്പമാണെന്നും എന്നാൽ വിമർശനങ്ങൾ സ്വന്തം നേരെ വരുമ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലാകുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തോളം താനും ആരോഗ്യവകുപ്പിനെ വിമർശിച്ചിരുന്നുവെന്നും ഇപ്പോൾ ആ അനുഭവം തിരിച്ചറിയാൻ കഴിയുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചികിത്സാപിഴവ് ആരോപണങ്ങളും ആശുപത്രികളിലെ മരുന്ന്, അടിസ്ഥാന സൗകര്യ പ്രശ്നങ്ങളും ഉൾപ്പെടെ ആരോഗ്യവകുപ്പ് നിരന്തരം പൊതുജനശ്രദ്ധയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പരാമർശം.
ജോലിയിൽ പ്രവേശിക്കുന്ന ഡോക്ടർമാർക്ക് പല തരത്തിലുള്ള വിമർശനങ്ങളും പരാതികളും നേരിടേണ്ടിവരുമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. എത്ര ആത്മാർത്ഥമായി പ്രവർത്തിച്ചാലും ആരോപണങ്ങൾ ഉയരാം. എന്നാൽ ചികിത്സയിൽ പിഴവുണ്ടായാൽ അത് മറച്ചുവെക്കുന്നതിന് പകരം സുതാര്യത പുലർത്തുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണമെന്നും അദ്ദേഹം നിർദേശിച്ചു.
പുതുതലമുറയിലെ ഡോക്ടർമാർ സർക്കാർ ആശുപത്രികളിൽ സേവനം ചെയ്യാൻ തയ്യാറാകണമെന്നും മന്ത്രി അഭ്യർഥിച്ചു. സ്വകാര്യ മേഖലയെ അപേക്ഷിച്ച് ശമ്പളം കുറവായിരിക്കാമെങ്കിലും സാധാരണക്കാരുടെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും പ്രധാന ആശ്രയം സർക്കാർ ആശുപത്രികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങുന്നവർ പൊതുജനാരോഗ്യ മേഖലയ്ക്ക് സംഭാവന നൽകാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികളിലെ ചെറിയ വീഴ്ചകൾ പോലും വലിയ വാർത്തയാകുന്നതിന് കാരണം അവയെ ആശ്രയിക്കുന്ന സാധാരണക്കാരുടെ എണ്ണവും അവരുടെ പ്രതീക്ഷകളുമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇത്തരം സാഹചര്യങ്ങളെ ഡോക്ടർമാർ കുറ്റപ്പെടുത്തലുകളായി മാത്രം കാണാതെ ഉത്തരവാദിത്തത്തോടെ സേവനം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments ()