കുവൈത്തിൽ നഴ്‌സുമാർക്ക് ശമ്പളത്തിനൊപ്പം അധിക ആനുകൂല്യങ്ങളും; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്

വിവിധ തസ്തികകളിലെ പ്രതിമാസ അലവൻസുകളും പ്രത്യേക ബോണസുകളും വർധിപ്പിക്കുന്ന പുതിയ മന്ത്രിതല ഉത്തരവാണ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറത്തിറക്കിയത്

കുവൈത്തിൽ നഴ്‌സുമാർക്ക് ശമ്പളത്തിനൊപ്പം അധിക ആനുകൂല്യങ്ങളും; ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്

കുവൈത്ത് സിറ്റി: നഴ്‌സിംഗ്, മിഡ്‌വൈഫറി മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് കൂടുതൽ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. വിവിധ തസ്തികകളിലെ പ്രതിമാസ അലവൻസുകളും പ്രത്യേക ബോണസുകളും വർധിപ്പിക്കുന്ന പുതിയ മന്ത്രിതല ഉത്തരവാണ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറത്തിറക്കിയത്.

പുതിയ ചട്ടം പ്രകാരം ജോലി തസ്തിക, സേവനപരിചയം, സ്ഥാനക്കയറ്റം എന്നിവ പരിഗണിച്ചാണ് ആനുകൂല്യങ്ങൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. ജോലി സ്വഭാവ അലവൻസ്, ജോബ് ലെവൽ ബോണസ്, ഷിഫ്റ്റ് അലവൻസ്, ഓൺ-കോൾ അലവൻസ്, പരിശീലന അലവൻസ്, സൂപ്പർവിഷൻ അലവൻസ്, ജീവിതച്ചെലവ് അലവൻസ് തുടങ്ങി വിവിധ വിഭാഗങ്ങളിലെ ആനുകൂല്യങ്ങളാണ് വർധിപ്പിച്ചിരിക്കുന്നത്.

കുവൈത്തി ജീവനക്കാർക്ക് തസ്തികയ്ക്കനുസരിച്ച് പ്രതിമാസ ആനുകൂല്യങ്ങളിൽ വലിയ വർധനവുണ്ടാകും. അതേസമയം, കുവൈത്തിൽ ജോലി ചെയ്യുന്ന വിദേശ നഴ്‌സിംഗ്, മിഡ്‌വൈഫറി ജീവനക്കാർക്കും പുതിയ ഉത്തരവിന്റെ ഭാഗമായി പുതുക്കിയ അലവൻസുകൾ അനുവദിച്ചിട്ടുണ്ട്. കാറ്റഗറിയും തസ്തികയും അടിസ്ഥാനമാക്കി വർക്ക് നേച്ചർ അലവൻസ്, ജോബ് ലെവൽ ബോണസ്, ജീവിതച്ചെലവ് അലവൻസ്, ഓൺ-കോൾ അലവൻസ് എന്നിവ ലഭ്യമാകും.

നഴ്‌സിംഗ്, മിഡ്‌വൈഫറി മേഖലയിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പ്രത്യേക ബോണസും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഡോക്ടറേറ്റും മാസ്റ്റേഴ്‌സ് ബിരുദവും നേടിയ കുവൈത്തി, വിദേശ ജീവനക്കാർക്ക് വ്യത്യസ്ത നിരക്കിൽ പ്രതിമാസ അക്കാദമിക് ബോണസ് അനുവദിക്കും. എന്നാൽ ഈ ആനുകൂല്യം ലഭിക്കാൻ ബന്ധപ്പെട്ട ബിരുദങ്ങൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടതും നഴ്‌സിംഗ് മേഖലയുമായി ബന്ധപ്പെട്ടതുമായിരിക്കണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം.

പുതിയ തീരുമാനം നഴ്‌സിംഗ് മേഖലയിലെ തൊഴിൽ സാഹചര്യവും പ്രൊഫഷണൽ നിലവാരവും മെച്ചപ്പെടുത്തുന്നതിനൊപ്പം ജീവനക്കാരെ കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നാണ് വിലയിരുത്തൽ.